
കൊച്ചി: ഹൊസ്ദുർഗ് മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ എം.നാരായണന് ഹൃദയശസ്ത്രക്രിയയ്ക്ക് സഹായവാഗ്ദാനവുമായി നടൻ മമ്മൂട്ടി. എം.നാരായണന് ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയിൽ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാർത്തയറിഞ്ഞ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
തിരുവനന്തപുരം നിംസിൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മമ്മൂട്ടി നാരായണനെ അറിയിച്ചു. മമ്മൂട്ടിയുടെ ഓഫിസിൽ നിന്ന് വിളിച്ച് ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും മമ്മൂട്ടി ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്ന് അറിയിച്ചതായും നാരായണൻ പറഞ്ഞു.
അതേസമയം, വാർത്തയറിഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും, സി.പി.ഐ പ്രവർത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാർട്ടിയുടെ സഹായം സ്വീകരിക്കാനാണ് തീരുമാനമെന്നും നാരായണൻ വ്യക്തമാക്കി.
മമ്മൂട്ടി മറ്റ് സഹായങ്ങൾ നൽകിയാൽ സ്വീകരിക്കുമെന്നും, തന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും നാരായണൻ പറഞ്ഞു.
Post Your Comments