തിരുവനന്തപുരം: സോഷ്യൽ മീഡിയ ആപ്പായ ക്ലബ്ഹൗസ് തരംഗമാകുമ്പോൾ പ്രശസ്തരായ ആളുകളുടെ വ്യാജന്മാരുടെ വിളയാട്ടമാണ് ചാറ്റ് റൂമുകളിൽ. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ചലച്ചിത്ര നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയുടെ പേരിലും ക്ലബ്ഹൗസിൽ നിരവധി വ്യജന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ തനിക്ക് ക്ലബ്ഹൗസില്‍ അക്കൗണ്ടില്ലെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരാളുടെ ശബ്ദം അനുകരിച്ച് കബിളിപ്പിക്കുന്നത് ഹീനമായ പ്രവർത്തിയാണെന്നും, താന്‍ ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. തുടർന്നും ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, യുവതാരങ്ങളായ ദുല്‍ഖര്‍ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
Post Your Comments