CinemaGeneralLatest NewsMollywoodNEWS

ചക്ക കഴിക്കാനായി സത്യവാങ്ങ്മൂലം എഴുതിയാൽ അവര്‍ സമ്മതിക്കില്ലല്ലോ: ചിരി നിറച്ച് രഘുനാഥ് പലേരിയുടെ കുറിപ്പ്

അതിലൊരു ചുളയുടെ സ്വാദ് അറിയണമെങ്കിൽ ലോക്ക്ഡൌൺ കഴിയണം

തന്റെ ഫേസ്ബുക്ക് രചനകള്‍ താന്‍ എഴുതിയ സിനിമകള്‍ പോലെ തന്നെ സൂപ്പര്‍ ഹിറ്റ് ആയി മാറ്റാനുള്ള മായാജാലം രഘുനാഥ് പലേരി എന്ന എഴുത്തുകാരനുണ്ട്. സമകാലീന വിഷയങ്ങള്‍ സരസമായ നര്‍മം ചേര്‍ത്തു എഴുതുന്ന രഘുനാഥ് പലേരി ശൈലി മുഖ പുസ്തക വായനക്കാര്‍ക്ക് പ്രിയങ്കരമാണ്. അങ്ങനെയൊരു വേറിട്ട കുറിപ്പാണ് രഘുനാഥ് പലേരി കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നീളൻ ചക്ക.
വരിക്കച്ചക്ക.
പഴമാവാൻ കാത്തിരിക്കയാണ് ഞങ്ങളും പ്ലാവും പിന്നെ പലതരം ജീവജാലങ്ങളും. നിറയെ ചുളകൾ കാണുംന്ന് ഉറപ്പ്. തേൻ മധുരം നിശ്ചയം. ഭഗവാൻ ശ്രീ പ്രകൃതി ആശാരി കൃത്യം അളന്നെടുത്ത ഫലം. അതിലൊരു ചുളയുടെ സ്വാദ് അറിയണമെങ്കിൽ ലോക്ക്ഡൌൺ കഴിയണം. ഞാനും പ്ലാവും തമ്മിൽ നൂറിലധികം കിലോമീറ്റർ ദൂരമുണ്ട്. ചക്ക കഴിക്കാനായി സത്യവാങ്ങ്മൂലം എഴുതിയാൽ ഉടുപ്പിട്ട് കുന്തം പിടിച്ചു നിൽക്കുന്നവർ സമ്മതിക്കില്ലല്ലൊ. അവരെ അങ്ങിനെ നിർത്തിയതും ആവശ്യമില്ലാത്ത കറക്കം സമ്മതിക്കാതിരിക്കാനാണല്ലൊ.
ആരായിരിക്കും ഈ പ്ലാവ് നട്ടിട്ടുണ്ടാവുക. ഒന്നുകിൽ ഒരു സ്ത്രീ. അല്ലെങ്കിൽ പുരുഷൻ. ഒരു പക്ഷെ ഏതോ അമ്മയുടെ ഒരു മോളോ മോനോ ആവാം. കളിക്കാൻ എടുത്തൊരു ചക്കക്കുരു മണ്ണിൽ മറന്നു വെച്ചതാവാം. അത് പിന്നെ ആ കുഞ്ഞ് തേടി നടന്നു കാണാം. കിട്ടാതെ സങ്കടപ്പെട്ടുകാണാം.
ഒരുപക്ഷെ ചക്കക്കുരു തോരനു വണ്ടി അമ്മിണിയേടത്തിമാരാരോ മുറത്തിലെടുത്ത് തോല് കത്തിയിൽ ഉരസി കളയുന്ന വേദന ശബ്ദം കേട്ട് കുരുക്കളിലൊന്ന് മുറത്തിൽ നിന്നും എങ്ങിനെയോ ചാടി രക്ഷപ്പെട്ടതാവാം. അമ്മിണിയേടത്തി മുണ്ടിന്നറ്റം മാറ്റിയും മുറം പിടിച്ചെഴുന്നേറ്റ് ദേഹം തട്ടിയും ആ കുരുവിനെ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടാവാം. കിട്ടാതെ വന്നതിൽ മറ്റു ചക്കക്കുരുക്കൾ ആശ്വസിച്ചിട്ടുണ്ടാവാം.
ഇനി അതൊന്നുമല്ലെങ്കിൽ ഈ പ്ലാവിന്റെ അമ്മ മരത്തിലെ ഒരു പഴച്ചുള മധുരത്തോടെ തിന്നാൻ കിട്ടിയ ധൃതിയിൽ ഏതോ ആണ്ണാനോ വവ്വാലിനോ പക്ഷിക്കോ കൈവിട്ട് താഴെ വീണ് ഉരുണ്ടുരുണ്ട് എങ്ങോ ഓടിയതാവാം. താഴെ മുറ്റം തൂത്തുവാരിയ, തലേ ദിവസം വീട്ടിൽ മരുമകളായി വന്ന വധു, തൂത്തൂവാരിയെടുത്ത് മുറ്റിത്തിനതിരിൽ കളഞ്ഞത് മുളപൊട്ടിയതാവാം. അവളുടെ ഐശ്വര്യത്തിനായി പ്രകൃതി തന്നെ സ്വന്തം കൈകൊണ്ട് നട്ടതാവാം.
അങ്ങിനെ ചിന്തിക്കുന്നതിലും ഒരു സൌന്ദര്യമുണ്ട്.
എന്നിലേക്കിപ്പോൾ ഒരു പാട്ടൊഴുകിയെത്തുന്നു.
“ഇന്ദുമുഖി ഇന്ദുമുഖി
എന്തിനിന്നു നീ സുന്ദരിയായീ…
ഇന്ദുമുഖീ ഇന്ദുമുഖീ….”
ജയചന്ദ്രനാണ് പാടുന്നത്.
കേൾക്കാതിരിക്കാൻ വയ്യ

shortlink

Related Articles

Post Your Comments


Back to top button