റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് എക്കാലത്തും കൊതിയുണ്ടായിരുന്നുവെന്നും പക്ഷേ വന്നതെല്ലാം ആക്ഷന്‍ സിനിമകളായത് കൊണ്ട് ചെയ്ത സിനിമകളില്‍ റൊമാന്റിക് ആകാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും, അന്‍പത് കഴിഞ്ഞവരുടെ റൊമാന്റിക് സിനിമ ഇനി ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ അതിനു വഴിയുള്ളൂവെന്നും തുറന്നു പറയുകയാണ് നടന് ബാബു ആന്റണി. സിനിമയിലേക്ക് തിരിച്ചു വന്ന തന്റെ രണ്ടാം ഘട്ടത്തില്‍ അഭിനയിച്ച ‘ഇടുക്കി ഗോള്‍ഡ്’ എന്ന സിനിമയില്‍ ആഷിക് അബു കിസ് ചെയ്യാനായി തനിക്ക് നല്‍കിയത് ഒരു കൂട്ടം തേനീച്ചകളെയാണെന്നും റൊമാന്റിക് വേഷങ്ങള്‍ എന്നും മോഹമായി കൊണ്ട് നടക്കുന്ന താന്‍ കിസ് ചെയ്യാനായി ഒരു നായികയെ ചോദിച്ചിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ ബാബു ആന്റണി പങ്കുവയ്ക്കുന്നു.
ബാബു ആന്റണിയുടെ വാക്കുകള്‍
“പ്രണയ നായകനാകാന്‍ എന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇനി അതിനു സ്കോപ്പില്ല. അല്ലെങ്കില്‍ അന്‍പത് വയസ്സ് കഴിഞ്ഞവരുടെ പ്രണയം പറയാന്‍ ആരെങ്കിലും വരണം. ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ചുംബിക്കാന്‍ കിട്ടിയത് ഒരു കൂട്ടം തേനീച്ചകളെയാണ്. റൊമാന്റിക് ആകാന്‍ എല്ലാവര്ക്കും കിസ് സീനില്‍ നായികയെ ലഭിക്കുമ്പോള്‍ എന്റെ വിധി അതായിരുന്നു. റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള എനിക്ക് കിസ് ചെയ്യാന്‍ ‘നിങ്ങള്‍ ഒരു നായികയെ തരൂ’ എന്ന് സംവിധായകന് ആഷിഖ് അബുവിനോട് ഞാന്‍ തമാശ പോലെ പറയുകയും ചെയ്തിരുന്നു. ഞാന്‍ നായകനായ സിനിമകളില്‍ റൊമാന്‍സ് കുറവാണ്. ഗാനങ്ങള്‍ പോലും ഇല്ലാതിരുന്ന സിനിമകളായിരുന്നു പലതും”. ബാബു ആന്റണി പറയുന്നു.
Post Your Comments