1960 കളിൽ ആധുനികതാവാദവുമായി ബന്ധപ്പെട്ട നവഭാവുകത്വത്തിന്റെ ഭാഗമായി മലയാള സാഹിത്യത്തിലേയ്ക്ക് കടന്നു വന്ന എഴുത്തുകാരനാണ് പി പത്മരാജന്‍. സാഹിത്യത്തിൽ രൂപംകൊണ്ട കാല്പനികമായ ആധുനികതാവാദം മധ്യവര്‍ത്തി സിനിമയായി ചലച്ചിത്രലോകത്ത് രൂപംകൊണ്ടു മധ്യവര്‍ത്തി കാഴ്ചകളിലൂടെ പുതിയ മേച്ചിൽ പുറത്ത് വിഹരിച്ച മലയാള സിനിമയിൽ മധ്യവര്‍ഗ്ഗ വരേണ്യതയുടെ സാംസ്‌കാരികമായ കുലീനതാ നാട്യങ്ങളെയും പാരമ്പര്യവാദത്തെയും തങ്ങളുടെ ചിത്രങ്ങളിൽ ഒരുപോലെ സമ്മേളിച്ചവരാണ് കെ ജി ജോര്‍ജ്ജ്, പി പത്മരാജന്‍, ഭരതന്‍ തുടങ്ങിയ പ്രതിഭകള്‍.
മനുഷ്യന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെ സഞ്ചരിച്ച്, പ്രണയവും കാമവും ഹിംസയും അവയുടെ പച്ചയായ അര്‍ത്ഥതലങ്ങളിലൂടെ ആവിഷ്‌ക്കരിച്ച സംവിധായകനാണ് പത്മരാജന്‍. ചലച്ചിത്രത്തിലെ ഗന്ധര്‍വ്വസാന്നിധ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മരാജന്റെ രചനകള്‍ ഒരു തലത്തിൽ ചലച്ചിത്രകാവ്യങ്ങളായി മാറുമ്പോള്‍ മറ്റൊരു തലത്തിൽ മനുഷ്യന്റെ വൈകാരികാവസ്ഥകളെ പ്രകോപിപ്പിക്കുന്ന ആഖ്യാനങ്ങളായി മാറുന്നുണ്ട്.
read also: താരങ്ങൾ പുറത്ത് പറയാന്‍ മടി കാണിക്കുന്ന പ്രശ്നങ്ങള്‍ ; മുഖ്യമന്ത്രിയോട് അപേക്ഷയുമായി ജിഷിന്‍
1974ൽ ഭരതന്‍ സംവിധാനം ചെയ്ത പ്രയാണത്തിനുവേണ്ടി തിരക്കഥ രചിച്ചുകൊണ്ടു ചലച്ചിത്രലോകത്ത് എത്തിയ പത്മരാജന്‍ പെരുവഴിയമ്പലത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. കള്ളന്‍ പവിത്രന്‍, കൂടെവിടെ, ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഇന്നലെ, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ നല്കിയ പത്മരാജന്‍ സദാചാരനിഷ്ഠമെന്നു (?) മലയാളി പ്രകടിപ്പിക്കുന്ന പൊതുബോധങ്ങളെ മാറ്റിമറിക്കുകയായിരുന്നു.
വിമതലൈംഗികതയൊരു സാമൂഹ്യ വിഷയമായി ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങാതിരുന്ന കേരളീയ സമൂഹത്തിൽ ദേശാടനക്കിളി കരയാറില്ലെന്നൊരു ചിത്രത്തെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ക്ലാരയും ജയകൃഷ്ണനും നിമ്മിയും സാലിയുമെല്ലാം ഇത്തരം ആഖ്യാന ഭൂമികയിൽ നിന്നുകൊണ്ടു മലയാളികളോട് സംവദിച്ചവരാണ്. പ്രണയം, കാമം തുടങ്ങിയ ജൈവികമായ വികാരങ്ങളെ അശ്ലീലത്തിന്റെ അതിർവരമ്പുകൾ തെറ്റിക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നും പത്മരാജൻ ചിത്രങ്ങൾ ചർച്ചചെയ്യപ്പെടുന്നത്. ഗ്രാമീണ ജീവിതാനുഭവങ്ങളിലൂടെ പ്രണയവും രതിയും സ്വപ്നങ്ങളും പങ്കുവെച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച പത്മരാജന്‍ കലാസിനിമയെ ജനകീയമാക്കുന്നതിൽ നര്‍ണ്ണായക പങ്കുവഹിച്ചു. ചലച്ചിത്രത്തിന്റെ ഭാവുകത്വപരിണാമത്തെ സൂചിപ്പിക്കുമ്പോള്‍ ഒരു കാലഘട്ടത്തെ സ്വന്തം പേരിൽ കുറിക്കുവാന്‍ കഴിഞ്ഞ ചലച്ചിത്രകാരനാണ് പത്മരാജന്‍.
രശ്മി അനിൽ
Post Your Comments