റോക്കോ ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി ദേശായി. തുടർന്ന് വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ മുംബൈ, ബോല്‍ ബച്ചന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍ പിന്നീട് നടിയെ കാണാതെയായി. സിനിമയില്‍ നിന്ന് പെട്ടന്ന് അപ്രത്യക്ഷയാകുകയും ചെയ്തു. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ചു എന്ന് തുറന്നു പറയുകയാണ് പ്രാചി. ബിടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ നിയമങ്ങള്‍ക്ക് എതിരായി സിനിമയില്‍ അഭിനയിക്കില്ല എന്ന നിബന്ധന എനിക്കുണ്ട് എന്നാണ് പ്രാചി പറയുന്നത്. സിനിമയില്‍ നിന്ന് വിട്ടു നിന്നത് ബോധപൂര്‍വ്വം എടുത്ത തീരുമാനമല്ല എന്നും നടി പറയുന്നു.
പ്രാചിയുടെ വാക്കുകൾ
സ്‌കൂള്‍ പഠനകാലത്താണ് ഞാന്‍ ടെലിവിഷന്‍ ലോകത്ത് എത്തിയത്. അവിടെ നിന്ന് റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്ക്. വളരെ പെട്ടന്ന് എല്ലായിടത്തും അവസരം എല്ലാവര്‍ക്കും കിട്ടി എന്ന് വരില്ല. പക്ഷെ എനിക്ക് ആ ഭാഗ്യമുണ്ടായി.പക്ഷെ ഞാന്‍ എന്റെ നിയമങ്ങള്‍ തെറ്റിച്ച് പ്രവൃത്തിക്കില്ല. എനിക്കറിയാം, ഒരുപാട് ആളുകള്‍ക്ക് ഈ ഇന്റസ്ട്രിയില്‍ തുറന്ന് കാട്ടുന്നതിനോട് വിരോധമില്ല. പക്ഷെ എന്റെ കാര്യം അങ്ങനെയല്ല. വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറല്ല. സമയം എങ്ങിനെയാണ് പോയത് എന്നെനിക്ക് അറിയില്ല. തിരിഞ്ഞു നോക്കുമ്പോഴാണ് എത്രത്തോളം വലിയ ഇടവേളയാണ് സംഭവിച്ചത് എന്ന് ഞാന്‍ പോലും തിരച്ചറിയുന്നത്.
എനിക്ക് സെക്‌സിയായിട്ടുള്ള സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. ഞാന്‍ ഹോട്ട് ആയിരിക്കണം എന്നാണ് പലരും ആവശ്യപ്പെട്ടത്. പക്ഷെ അങ്ങനെയല്ല എന്ന രീതിയോട് ഞാന്‍ ഒരുപാട് പോരാടി നോക്കി. ഒരു സ്ത്രീ എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയാതെ, അവരെ ഹോട്ട് എന്ന വാക്ക് ഉപയോഗിച്ച് നോട്ടീസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ആ സങ്കല്‍പം മാറ്റാന്‍ ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല.നിരവധി സംവിധായകരും നിര്‍മാതാക്കളും എന്നോട് ആവശ്യപ്പെട്ടത് ഹോട്ട് ആയി അഭിനയിക്കാന്‍ എനിക്ക് സാധിക്കും, അത്തരം റോളുകള്‍ ചെയ്യണം എന്നാണ്. അതിന് എനിക്ക് സാധിക്കില്ല. അതുകൊണ്ട് ഞാന്‍ സെലക്ടീവായി. ചില വലിയ സിനിമകള്‍, എന്നാല്‍ സെക്‌സിയായിട്ടുള്ള സിനിമകള്‍ പലതും ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്- പ്രാചി ദേശായി പറഞ്ഞു.
Post Your Comments