മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ബോഡി ഗാർഡിനെതിരെ കേസ്. കുമാര്‍ ഹെഗ്ഡെ എന്നയാൾക്കെതിരെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഔദ്യോഗിക പരമായി സ്ഥിരീകരിച്ചിട്ടില്ല. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പരാതിക്കാരിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു വെബ്സൈറ്റിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 30 കാരിയായ ബ്യൂട്ടീഷനാണ് ഹെഗ്ഡെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി അനുസരിച്ച് എട്ടു വർഷം മുമ്പാണ് യുവതി ഹെഗ്ഡെയെ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഇയാൾ വിവാഹ പ്രൊപ്പൊസൽ മുന്നോട്ട് വയ്ക്കുകയും യുവതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് തന്റെ ഫ്ലാറ്റിൽ നിന്നും 50000 രൂപയുമായി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്.
Post Your Comments