മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു എഴുതിയ ഒരേയോരു ചിത്രമാണ് ‘അങ്കിൾ’. ചിത്രത്തിന് ആ വർഷത്തെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. സിനിമ ഇറങ്ങി നാല് വർഷം പിന്നിടുമ്പോൾ ജോയ് മാത്യു അങ്കിൾ എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.
“അങ്കിൾ എന്ന സിനിമ ഞാൻ താരങ്ങൾക്ക് വേണ്ടി എഴുതിയ സിനിമയല്ല. ആ സിനിമയുടെ ടൈറ്റിൽ മാറ്റണമെന്ന് മമ്മൂട്ടി പറഞ്ഞാൽ പോലും ഞാൻ വേറേ നടനെ നോക്കും. അല്ലാതെ മമ്മൂട്ടിക്ക് വേണ്ടി ആ ടൈറ്റിൽ മാറ്റില്ല. ‘അങ്കിൾ’ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി ചോദിച്ചത്, ‘എന്താടോ ഈ പേര്, എനിക്ക് ഇനി അങ്ങനെ ഒരു പേര് വീഴുമോ എന്നായിരുന്നു. വീണാലും ‘അങ്കിൾ’ എന്നല്ലേ വീഴൂ, ‘ഗ്രാൻ്റ് ഫാദർ’ എന്നൊന്നും വീഴില്ലല്ലോ എന്നായിരുന്നു എൻ്റെ കമൻ്റ്. ഞാൻ താരങ്ങൾക്ക് വേണ്ടി സിനിമ ചെയ്യുകയോ, അവരുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയോ ചെയ്യുന്ന ആളല്ല. ഞാൻ തന്നെ ഒരു താരം ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാലേ ഒരു നല്ല സിനിമ എഴുതാനും സംവിധാനം ചെയ്യുവാനുമുള്ള ആത്മവിശ്വാസം നമ്മൾക്ക് ഉണ്ടാകൂ. അങ്കിളിൽ മമ്മൂട്ടി ഒരു സംഭാഷണം മാത്രമാണ് മാറ്റി പറഞ്ഞിട്ടുള്ളത്. അത് ഇങ്ങനെ പറഞ്ഞാൽ സാഹചര്യത്തിന് കുറച്ചൂടി ചേരില്ല എന്ന് പറഞ്ഞപ്പോൾ ഞാനും അത് ശരിവച്ചു. അല്ലാതെ ഒരു സ്ഥലത്ത് പോലും മമ്മുക്ക എൻ്റെ സംഭാഷണം മാറ്റി പറഞ്ഞിട്ടില്ല. ഞാൻ എഴുതിയത് അത് പോലെ പറയുകയായിരുന്നു”.
Post Your Comments