മേയ് 13 വ്യാഴാഴ്ചയാണ് പുല്ലാങ്കുഴൽ വിദഗ്ധൻ വി.സി.ജോർജ്ജ് സംഗീത ലോകത്തോട് വിട പറഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനോടൊപ്പം നിരവധി കച്ചേരികളിൽ പങ്കെടുത്തിട്ടുള്ള ജോർജ്ജ് നിരവധി സിനിമ ഗാനങ്ങൾക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്.
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾ, എൻ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ… തുടങ്ങിയ ഗാനങ്ങളുടെ ആസ്വാദ്യതയ്ക്ക് പിന്നിൽ ജോർജിന്റെ മുരളീനാദം കൂടിയുണ്ട്.
ഗുണസിംഗിന്റെ ശിഷ്യൻ, ജോൺസന്റെ ഹാർമോണിയം ഗുരു, ഗിറ്റാറിസ്റ്റ് ആറ്റ്ലിക്കും ഗായകൻ അക്ബർ ഷായ്ക്കുമൊപ്പം വോയിസ് ഓഫ് തൃശൂർ എന്ന പേരെടുത്ത ഗാനമേളാ ട്രൂപ്പിന്റെ ശില്പികളിലൊരാൾ… വിശേഷണങ്ങൾ പലതുണ്ട് വി സി ജോർജ്ജിന്.
തന്റെ ജന്മനാട്ടിലെ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയ്ക്കും ലൂർദ് പള്ളിക്കും വേണ്ടി ഭക്തിഗാനങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഗീത ലോകത്തേക്കുള്ള അരങ്ങേറ്റം. പിൽക്കാലത്ത് സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം പാരമൗണ്ട് റെവൽറി എന്ന പേരിലൊരു ഗാനമേളാ ഗ്രൂപ്പിന് രൂപം കൊടുത്തു അദ്ദേഹം. ഇതോടെ നല്ലൊരു പാട്ടുകാരൻ കൂടിയായ അദ്ദേഹം സംഗീത ലോകത്ത് ചുവടുറപ്പിക്കുകയായിരുന്നു .
കൊച്ചിൻ കലാഭവനിൽ വെച്ചായിരുന്നു യേശുദാസുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. ജോർജിനെ ചെന്നൈയിലേക്ക് ക്ഷണിച്ചതും സിനിമയിലെ ഏറ്റവും തിരക്കേറിയ ഫ്ലൂട്ടിസ്റ്റായ ഗുണസിംഗിനെ പരിചയപ്പെടുത്തിക്കൊടുത്തതും യേശുദാസാണ്. ‘ഹിന്ദുസ്ഥാനിയിൽ സാമുവൽ മാസ്റ്ററും കർണ്ണാട്ടിക്കിൽ പൊതുവാൾ മാസ്റ്ററുമായിരുന്നു പുല്ലാങ്കുഴലിലെ ആദ്യ ഗുരുക്കന്മാരെങ്കിലും റെക്കോർഡിംഗിൽ വായിക്കാൻ ഗുണസിംഗിന് കീഴിലെ ഹ്രസ്വ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടന്ന്’ പലപ്പോഴും ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. തുടർന്ന് അങ്ങോട്ട് സംഗീത ലോകത്ത് തിരക്കേറുകയായിരുന്നു ജോർജിന്. നിരവധി ഗാനങ്ങൾക്ക് അദ്ദേഹത്തിന്റെ വേണുനാദം സാക്ഷിയായി. ഇനിയും നിരവധി ഗാനങ്ങൾ ബാക്കിയാക്കി അദ്ദേഹം സംഗീത ലോകത്തോട് തന്നെ വിട പറഞ്ഞു.
ഭാര്യ :മേരി, മക്കൾ :ജീമോൾ – സാവിയോ (ഡാലസ് )സാനി ജോർജ് -മാഗി ( ബോസ്റ്റൺ
Post Your Comments