സിബി മലയില്‍ – ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ ഒരേയൊരു സിനിമ മാത്രമേ സംഭവിച്ചുള്ളൂ. 1993-ല്‍ പുറത്തിറങ്ങിയ ‘ആകാശദൂത്’. ഒരൊറ്റ സിനിമ കൊണ്ടു തന്നെ പ്രേക്ഷകരില്‍ വലിയ ചലനമുണ്ടാക്കിയ ഈ കൂട്ടുകെട്ട് പിന്നീട് ഒന്നിക്കാതിരുന്നതിന്റെ നഷ്ടം പ്രേക്ഷകര്‍ക്ക് തന്നെയായിരുന്നു. സിബി മലയില്‍ എന്ന സംവിധായകന്റെ ശൈലിക്ക് അനുസൃതമായി ‘ആകാശദൂത്’ എന്ന സിനിമയുടെ തിരക്കഥ അതിമനോഹരമായി എഴുതി ചേര്‍ത്തു കൊണ്ട് ഡെന്നിസ് ജോസഫ് എന്ന പ്രതിഭ അവിടെയും വേറിട്ട ശൈലിയോടെ മലയാള സിനിമയുടെ ഭാഗ്യമായി. തനിക്ക് ഒരേയൊരു സിനിമ മാത്രമേ എഴുതി നല്‍കിയുള്ളൂവെങ്കിലും തന്റെ കരിയറില്‍ ഏറ്റവും മികച്ച വിജയമായ സിനിമയുടെ രചയിതാവിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സിബി മലയില്‍ എന്ന സംവിധായകന്‍.
“ഒറ്റ ചിത്രമേ ഞങ്ങളൊരുമിച്ച് ചെയ്തിട്ടുള്ളൂ. ‘ആകാശദൂത്’. പക്ഷേ ഞങ്ങളുടെ രണ്ടുപേരുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത്. അമ്മാവനും, നിർമ്മാതാവുമായ പ്രേം പ്രകാശാണ് ഞങ്ങൾ ഒരുമിച്ചൊരു ചിത്രമെന്ന നിർദേശം ആദ്യം വച്ചത്. ‘ന്യൂ ഡെല്‍ഹി’യും, ‘രാജാവിന്റെ മകനു’മൊക്കെ എഴുതിയ ഡെന്നീസ് എന്റെ സിനിമകളുടെ ജനുസ്സിൽപ്പെടുന്ന എല്ലാം തികഞ്ഞ ഒരു ഇമോഷനൽ ഡ്രാമയാണ് എന്റെ മനസ്സിലേക്ക് വരച്ചിട്ടത്. ഒന്നിനൊന്ന് വ്യത്യസ്തരായിരുന്നു ഡെന്നിസിന്‍റെ നായികാനായകന്മാർ. ഇത്രയേറെ ഹിറ്റുകൾ പിറന്നു വീണത് തന്റെ വിരലുകളിൽ നിന്നാണെന്ന തലക്കനം പെരുമാറ്റത്തിൽ ഒരിക്കൽ പോലും ആരും കണ്ടിട്ടില്ല” സിബി മലയില്‍ പറയുന്നു.
(മലയാള മനോരമയിലെ ഡെന്നിസ് ജോസഫ് അനുസ്മരണ കോളത്തില്‍ നിന്ന്)
Post Your Comments