മലയാളത്തിന്റെ സ്വന്തം അമ്മ നടി കവിയൂര്‍ പൊന്നമ്മ ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ ചെയ്തു വച്ചിട്ടുള്ള കഥാപാത്രങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഒരേ ശൈലിയില്‍ അഭിനയിക്കുന്ന അമ്മ നടിയാണ് കവിയൂര്‍ പൊന്നമ്മ എന്ന് ചലച്ചിത്രനിരൂപകര്‍ വിലയിരുത്തുമ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുള്ള നടിയാണ് കവിയൂര്‍ പൊന്നമ്മ. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പത്മരാജന് സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിലെ വേഷം. മക്കളാല്‍ സ്നേഹിക്കപ്പെടണമെന്നും, അവര്‍ തന്നെ സംരക്ഷിച്ചു കൂടെ നിര്‍ത്തണമെന്നും ആഗ്രഹിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന എത്രയോ അമ്മമാര്‍ക്കുള്ള നീറ്റലാണ് പത്മരാജന്റെ ഈ അപൂര്‍വ്വ ക്ലാസിക്. തന്റെ കരിയറില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച സിനിമയെക്കുറിച്ചും, അതിലെ കഥാപാത്രത്തെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ പങ്കുവയ്ക്കുമ്പോള്‍ അന്ന് താന്‍ പത്മരാജനോട് ഹൃദയത്തില്‍ തട്ടി ചോദിച്ച ഒരു ചോദ്യത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് താരം.
“പത്മരാജന് എന്നെ ‘പൊന്നൂസേ’ എന്നാണ് വിളിക്കുന്നത്. ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന സിനിമയുടെ ലൊക്കേഷന്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. പശു പ്രസവിക്കുന്നതൊക്കെ ലൈവായി ചിത്രീകരിച്ച സിനിമ വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. മക്കള്‍ അമ്മയെ ശരണാലയത്തില്‍ കൊണ്ടുവന്നു വിടുന്ന സീന്‍ എടുത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പത്മരാജനോട് ചോദിച്ചത്, ‘ജീവിതത്തിലെ എനിക്കുള്ള ട്രയലാണോ ഈ സിനിമയെന്നാണ്’ എന്താണ് പൊന്നൂസേ എന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍ ഒരു തമാശ പറഞ്ഞതല്ലേ എന്ന് തിരിച്ചു ഞാനും മറുപടി നല്കി”. കവിയൂര്‍ പൊന്നമ്മ പറയുന്നു.
Post Your Comments