മലയാളത്തില്‍ നിരവധി ക്രൈം ത്രില്ലറുകള്‍ ചെയ്തു ഹിറ്റാക്കി മാറ്റിയ കെ.മധു എന്ന സംവിധായകന് ജഗതി ശ്രീകുമാര്‍ എന്ന മലയാളത്തിന്റെ മഹാ നടന്റെ പ്രതിബദ്ധതയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. 1995-ല്‍ പുറത്തിറങ്ങിയ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന ചിത്രത്തിന് ഇരുപത്തിയാറു വര്‍ഷം പിന്നിടുന്ന വേളയില്‍ ആ സിനിമയുമായി ബന്ധപ്പെട്ട വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കെ. മധു
കെ. മധുവിന്റെ വാക്കുകള്‍
“ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ ജഗതി ചേട്ടന് നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. ആ സിനിമയില്‍ ജഗതി ചേട്ടന് അഭിനയിക്കാന്‍ എത്തുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ ആശങ്കയുണ്ടായിരുന്നു. അത്രത്തോളം തിരക്കുള്ള നടനായി എല്ലാ സെറ്റിലും ജഗതി ചേട്ടന് ഓടിനടന്നു അഭിനയിക്കുന്ന സമയമാണ്. ജഗതി ചേട്ടന് വരില്ലെന്ന് മനസിലായപ്പോള്‍ സ്വാമി (എസ്.എന്‍ സ്വാമി) അങ്ങോട്ട് വഴക്ക് തുടങ്ങി. ‘ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ വേറെ ആരെയെങ്കിലും ഇട്ടാല്‍ മതിയായിരുന്നു’ എന്നൊക്കെ പറഞ്ഞു. അപ്പോഴും എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു, ജഗതി ചേട്ടന് വരുമെന്ന്. ഏതായാലും അന്നത്തെ ദിവസം ജഗതി ചേട്ടനില്ലാത്ത രംഗങ്ങള്‍ ചിത്രീകരിച്ചു. അടുത്ത ദിവസം എന്ത് ചെയ്യുമെന്ന പരുങ്ങലില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ അഞ്ചു മണിയായപ്പോള്‍ കതകില്‍ ഒരു കൊട്ട് കേള്‍ക്കുന്നു. നോക്കുമ്പോള്‍ ജഗതി ചേട്ടന് നില്ക്കുന്നു. ഒരു സോറി പറഞ്ഞിട്ട് അദ്ദേഹം പറഞ്ഞു. ‘ഇന്നലെ വരാന്‍ കഴിഞ്ഞില്ല. ഇന്ന് ഞാന്‍ എന്റെ മുഴുവന്‍ സമയവും തന്നിരിക്കുന്നു. എന്റെ കഥാപാത്രം എന്താണെന്ന് പറഞ്ഞാല്‍ ഞാന്‍ അഭിനയിച്ചു തുടങ്ങാം’ അതാണ് ജഗതി ചേട്ടന്റെ കമ്മിറ്റ്മെന്റ്”.
Post Your Comments