കരമന ജനാര്ദ്ദനന് നായര് എന്ന മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ നടനെ സ്മരിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്. കരമന ജനാര്ദ്ദനന് നായരുടെ ഓര്മ്മകള്ക്ക് ഇരുപത്തിയൊന്ന് വര്ഷം തികയുന്ന വേളയിലാണ് ബാലചന്ദ്ര മേനോന്റെ തുറന്നെഴുത്ത്.
ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
കരമന സാർ ഭൗമീ സാന്നിധ്യം ഉപേക്ഷിച്ചിട്ട് 21 വർഷങ്ങൾ ആയെന്നോ ?
എനിക്ക് വിശ്വസിക്കാനാവില്ല ….
സമയം ഇങ്ങനെയും പറന്നുപോകുമെന്നോ ?
എനിക്ക് ഇന്നലത്തേതു പോലെ ഓർമ്മയുണ്ട് ….
എന്റെ ആദ്യ രചനയായ “അമ്മയാണെ സത്യം ” എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീമതി മാധവിക്കുട്ടിയും ശ്രീമതി ആറന്മുള പൊന്നമ്മയും ചേർന്ന് നിവ്വഹിക്കുന്ന ചടങ്ങിൽ തീർച്ചയായും പങ്കെടുക്കാമെന്ന് അദ്ദേഹം വാക്കു തന്നു . ഷൂട്ടിങ്ങിൽ പെട്ടന്നുണ്ടായ ‘തിരിമറികൾ ‘ കാരണം എന്റെ പുസ്തകം സദസ്സിനു പരിചയപ്പെടുത്തിയ അദ്ദേഹം, ചടങ്ങ് കഴിഞ്ഞ ഉടനെ എന്നോടൊന്നും ഉരിയാടാതെ ‘മുങ്ങേണ്ടി’ വന്നു. ആ കുറ്റബോധം കാരണമാവണം എനിക്കദ്ദേഹം ഒരു കുറിമാനം അയച്ചു . അന്നാണ് മറ്റു വിലപ്പെട്ട സമ്പാദ്യങ്ങൾക്കൊപ്പം കാണാൻ ‘ചേലുള്ള ‘ കയ്യക്ഷരവും തനിക്കുണ്ടെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തിയത് .( പൊതുവെ കൈപ്പട മോശമായ എനിക്ക് ലേശം അസൂയ തോന്നിയത് സത്യം ..)
‘നയം വ്യക്തമാക്കുന്നു ‘ എന്ന എന്റെ ചിത്രത്തിൽ ശാന്തികൃഷ്ണയുടെ അച്ഛനായും, ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തിൽ മുകേഷിന്റെ അച്ഛനായും എന്തിന് ‘സസ്നേഹം’ എന്ന ചിത്രത്തിൽ എന്റെ ‘സ്വന്തം അച്ഛനായും ‘ കരമന സാർ അഭിനയിച്ചതും നല്ല ഓർമ്മകളാണ് ….
ഇതിനൊക്കെ മുൻപ് ആരും അധികം അറിയാതെ ഉണ്ടായ ഒരു രഹസ്യ ബന്ധവും ഒന്ന് പറഞ്ഞോട്ടെ …യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ശ്രീ കെ .ജി . സേതുനാഥിന്റെ (AIR ) നേതൃത്വത്തിൽ ‘ഉപാസന’ എന്ന അമച്വർ നാടക സമിതി ഓരോ മാസവും ഒരു നാടകം (കൂടുതലും പരീക്ഷണ നാടകങ്ങൾ ) VJT ഹാളിൽ അവതരിപ്പിക്കുമായിരുന്നു …അങ്ങിനെ ‘വെളിച്ചത്തിലേക്ക് ‘ എന്ന നാടകത്തിലെ നായകനായി ഈയുള്ളവനാണ് കുറി വീണത് …ആ നാടകം സംവിധാനം ചെയ്തത് കരമന സാർ ആയിരുന്നു ….അങ്ങിനെ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ശിക്ഷണപ്പെടാനുമുള്ള ഭാഗ്യവും എനിക്കുണ്ടായി.
തീർന്നില്ല ……
മുപ്പത് വർഷങ്ങൾക്കു മുൻപ് “റോസ്സസ് ദി ഫാമിലി ക്ലബ്” എന്ന ഒരു കൂട്ടായ്മ ഞാൻ തിരുവനതപുരത്ത് ആരംഭിച്ചപ്പോൾ തുടക്കം മുതലേ അദ്ദേഹം സജീവമായി എന്നോടൊപ്പമുണ്ടായിരുന്നു …അങ്ങിനെ ആ കുടുംബവുമായും എന്റെ കുടുംബം ഇമ്പത്തിലായി എന്നുപറഞ്ഞാൽ മതിയല്ലോ …..
എന്നാലും 21 വർഷമെന്നൊക്കെ പറഞ്ഞാൽ ..
ഇല്ല സാർ …എനിക്ക് വിശ്വസിക്കാൻ വയ്യ…
ഞാൻ വിശ്വസിക്കുന്നില്ല…
ആരോ എവിടെയോ പറഞ്ഞതുപോലെ
‘`വിശ്വാസം ! അതല്ലേ എല്ലാം …!!”
Post Your Comments