കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. രോഗനിരക്ക് കൂടുന്നതിനാൽ ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ വരുത്തിയിരിക്കുകയാണ് കേരള സർക്കാര്. അതോടൊപ്പം തന്നെ വോട്ടെണ്ണൽ ദിവസമായ മെയ് 2ന് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതേ ആവശ്യവുമായി സോഷ്യൽ മീഡിയയിലൂടൊപ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു.
കാറിൽ മാസ്കില്ലാത്തവരെ പോലും ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് ശൗര്യം മെയ് 2 ന് വമ്പൻ രാഷ്ട്രീയ ജാഥകൾക്ക് മുൻപിൽ കാവലായി നടക്കുന്ന വിനീത വിധേയർ ആയി മാറുമോ എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ബിജു ചോദിക്കുന്നു.
ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘മെയ് 2 ലോക് ഡൗൺ പ്രഖ്യാപിക്കണം. അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണം. എന്ത് കാര്യത്തിന് ആണ് പുറത്തിറങ്ങുന്നത് എന്നതിന് സത്യവാങ്മൂലം നൽകണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥികൾക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണം. എണ്ണം കൂടിയാൽ പിഴ ഈടാക്കണം. വിജയാഘോഷങ്ങൾ, റാലികൾ എന്നിവ ആൾക്കൂട്ടം ചേർന്നു നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. തിരത്തെടുപ്പ് വിജയവും പരാജയവും ഒക്കെ അറിഞ്ഞാൽ മതിയല്ലോ. അത് അറിയിക്കാൻ ഇവിടെ ഇപ്പോൾ ആവശ്യത്തിലുമധികം വാർത്താ ചാനലുകൾ ഉണ്ട് . വീട്ടിലിരുന്ന് വിവരങ്ങൾ അപ്പപ്പോൾ അറിയാം.അല്ലാതെ വിജയവും പരാജയവും ആഘോഷിക്കാൻ കൂട്ടം കൂടി റോഡിലിറങ്ങി കൊറോണ പരത്തേണ്ടതില്ലല്ലോ. പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഒന്നും ഇപ്പോൾ പൊതു നിരത്തിൽ ആവശ്യമില്ല. അപ്പോൾ ചോദ്യം ഇതേയുള്ളൂ. മെയ് 2 ന് പൊതു ലോക് ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറുകുമോ. അതോ രാഷ്ട്രീയക്കാർക്ക് മാത്രം കൊറോണ പ്രൊട്ടക്കോൾ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ. ഇപ്പോൾ കാറിൽ മാസ്കില്ലാത്തവരെ പോലും ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് ശൗര്യം മെയ് 2 ന് വമ്പൻ രാഷ്ട്രീയ ജാഥകൾക്ക് മുൻപിൽ കാവലായി നടക്കുന്ന വിനീത വിധേയർ ആയി മാറുമോ’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments