CinemaGeneralLatest NewsMollywoodNEWS

നൂറ് ദിനം പിന്നിട്ട് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ; ആഘോഷത്തിൽ പങ്കുചേർന്ന് ജിയോ ബേബിയും ടീമും

ഒടിടി പ്ലാറ്റ്ഫോമുകളും ചാനലുകളും ചിത്രത്തെ കൈയൊഴിഞ്ഞു, ഒടുവിലാണ് നീസ്ട്രീമിലേക്ക് എത്തുന്നതെന്ന് ജിയോ ബേബി

നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ നൂറ് ദിനം പിന്നിടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സമൂഹമാധ്യമങ്ങളിലടക്കം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന രീതി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ നൂറാം ദിനം നീസ്ട്രീമിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് നോയല്‍ കോംപ്ലസില്‍ ആഘോഷമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സുരാജും നിമിഷയും അടങ്ങുന്ന താരനിരയുള്ളപ്പോള്‍ ചിത്രത്തിന്റെ വിപണനത്തേക്കുറിച്ച് യാതൊരു ആശങ്കയും തനിക്കും നിര്‍മ്മാതാവിനും ഉണ്ടായിരുന്നില്ല. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആരും തയാറായില്ല. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളും ചാനലുകളും ചിത്രത്തെ കൈയൊഴിഞ്ഞു. ഒടുവിലാണ് നീസ്ട്രീമിലേക്ക് എത്തുന്നതെന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞു.
ചിത്രം പുറത്തെത്തി ആദ്യ ദിനം അനുഭവിച്ച എക്സൈറ്റ്മെന്റ് ഇപ്പോഴും തുടരുകയാണ് ഓരോ നിമിഷവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ ആയതോടെ സിനിമകള്‍ നിലച്ച സമയത്താണ് ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമായി എത്തുന്നത്. കഥയും കഥാപാത്രവും വല്ലാതെ ആകര്‍ഷിച്ചു. ഈ ചിത്രത്തിലല്ലാതെ ഇത്തരത്തിലൊരു സ്ത്രീ കഥാപാത്രത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. ഈ കഥാപാത്രത്തെ തനിക്ക് അവതരിപ്പിക്കാനാകുമെന്ന ധൈര്യവും ആത്മവിശ്വാസവും തന്നത് ജിയോ ബേബിയാണെന്നും നിമിഷ സജയന്‍ പറഞ്ഞു.

ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിന് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ’ വരവ് പ്രാരംഭ ഘട്ടത്തില്‍ തന്നെ വലിയ വഴിതിരിവാണ് സമ്മാനിച്ചത്. വളരെ വേഗത്തില്‍ മൂന്നരലേേക്ഷത്താളം ആളുകളിലേക്ക് നീസ്ട്രീം എത്തി. ഇതില്‍ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വഹിച്ച പങ്ക് വലുതാണ്, അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നൂറാം ദിനം വളരെ പ്രധാനപ്പെട്ടതാണെന്നും നീസ്ട്രീം റീജണല്‍ ഹെഡ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.

ചിത്രത്തിന്റെ എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്, ഡിസൈനര്‍ ലിങ്കു എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍, നടന്‍ സിദ്ധാര്‍ത്ഥ് ശിവ, നീസ്ട്രീം ഡയറക്ടര്‍ വിനോദ് പി ജോര്‍ജ്ജ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സീനിയര്‍ മാനേജര്‍ ബിജു എന്‍എസ്, റീജണല്‍ ഹെഡ് ചാള്‍സ് ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button