CinemaGeneralMollywoodNEWS

‘ദ്രോണ’യുടെ പരാജയം എന്നെ മാനസികമായി തളര്‍ത്തി, മമ്മുക്ക അന്ന് എന്നോട് പറഞ്ഞ കാര്യം മറക്കാന്‍ കഴിയില്ല!

പക്ഷേ അന്ന് എനിക്ക് മമ്മൂക്ക നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു

മമ്മൂട്ടി – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ 2008-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദ്രോണ’. എകെ സാജന്‍ രചന നിര്‍വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയം നേരിട്ട ചിത്രമായിരുന്നു. തന്റെ  സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായി മാറിയ ‘ദ്രോണ’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് തനിക്ക് വീണ്ടും സിനിമ ചെയ്യാനുള്ള ഊര്‍ജ്ജം പകര്‍ന്നതെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ വാക്കുകള്‍

“ദ്രോണ എന്ന സിനിമ കണ്ടിട്ട് ആർക്കും ഒന്നും മനസ്സിലായില്ല എന്നാണ് എന്നെ വിളിച്ച് പലരും പറഞ്ഞത്. ആ സിനിമ ഇറങ്ങി കഴിഞ്ഞ് രണ്ടാം ദിവസം തന്നെ എനിക്ക് മനസ്സിലായി അത് കയ്യിൽ നിന്ന് പോയി എന്ന്. സിനിമയുടെ പരാജയം ഉറപ്പായെന്നറിഞ്ഞ നിമിഷം ഞാന്‍  ഫോൺ ഓഫ് ചെയ്തു വച്ചു. ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് മമ്മൂക്ക വിളിക്കുന്നു. തെറിവിളിക്കാനാകും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് എനിക്ക് മമ്മൂക്ക നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു. ‘ഞാനും തോറ്റുപോയിട്ട്‌ തിരിച്ചുവന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ നീ ഈ  പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോൾ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടൻ തന്നെ പ്രഖ്യാപിക്കാം. നിർമാതാവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്’. ഇതായിരുന്നു ദ്രോണ പരാജയപ്പെട്ട ശേഷം മമ്മൂക്ക എന്നോട് വിളിച്ചു പറഞ്ഞത്. ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്ഥിരം ചെയ്ത ആക്ഷൻ സിനിമയിൽനിന്ന് ഒരു പരീക്ഷണത്തിന് മുതിര്‍ന്നതാണ് ദ്രോണ എന്ന ചിത്രം. എന്റെ തന്നെ വീഴ്ചയായിട്ടാണ് ഞാനതിനെ കാണുന്നത്. സിനിമ പരാജയമായിട്ടും മമ്മൂക്ക എന്നെ വിളിച്ചു അടുത്ത സിനിമ ഓഫർ ചെയ്ത മനസ്സ് മറക്കാൻ കഴിയാത്തതാണ്”.

shortlink

Related Articles

Post Your Comments


Back to top button