തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഇപ്പോഴിതാ തന്റെ സഹതാരത്തിന്റെ മരണത്തിൽ വിങ്ങുന്ന മനസോടെ അനുശോചനം അറിയിച്ചിരിക്കുകയാണ് തമിഴ് ഹാസ്യതാരം വടിവേലു.
വടിവേലുവിന്റെ വാക്കുകൾ
നടൻ വിവേക് മരിച്ചു എന്ന വാർത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു ജോലിനോക്കിയവരാണ്. അവനെ കുറിച്ച് പറയുമ്പോൾ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവൻ. ഇനിയും ജീവിക്കേണ്ടവനായിരുന്നു. അയാളെ പോലെ കാര്യങ്ങളെ തുറന്ന് സംസാരിക്കുന്ന ഒരാൾ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവൻ പറയുന്നത് നമ്മുടെ മനസിൽ പതിയും. നല്ല എളിമയോടെ നമ്മോട് സംസാരിക്കും.’ വടിവേലു അനുസ്മരിച്ചു. ‘അവന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാളാണ് ഞാനും. വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്ടമായി. ദുഃഖം താങ്ങാനാവുന്നില്ല, എന്ത് പറയണമെന്നറിയില്ല’ വടിവേലു പറഞ്ഞു. ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല,നമ്മുടെ മനസിൽ തന്നെയുണ്ടെന്ന് ആരാധകരെ വടിവേലു ആശ്വസിപ്പിച്ചു. മധുരയിൽ അമ്മയോടൊപ്പമായതിനാൽ വിവേകിനെ അവസാനമായി ഒരുനോക്ക് കാണാനാവില്ലെന്ന ദുഃഖവും വടിവേലു പങ്കുവച്ചു.
ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ചെന്നൈയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പ്രമുഖ വ്യക്തികൾ ഉൾപ്പെടെ തെന്നിന്ത്യൻ സിനിമാ രംഗത്തെ നിരവധി പേർ വിവേകിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ജയസൂര്യ, നിവിൽ പോളി തുടങ്ങി മലയാള സിനിമയിലെ നിരവധി പേരാണ് വിവേകിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
Post Your Comments