തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. നടൻ രജനികാന്തും സോഷ്യൽ മീഡിയയിലൂടെ നടന് ആരാധഞ്ജലികൾ അർപ്പിച്ചു. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും, വിവേകിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രജനികാന്ത് കുറിച്ചു.
വിവേകിന്റെ മരണത്തയറിഞ്ഞ് താൻ തകർന്നു പോയെന്നും, നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് നടി സുഹാസിനി ട്വീറ്റ് ചെയ്തു. നടൻ സൂര്യ, കാർത്തി, ജ്യോതിക എന്നിവർ വിവേകിന്റെ വസതിയിലെത്തി പ്രണാമം അർപ്പിച്ചു.
വിവേകിന്റെ മരണവാർത്തയറിഞ്ഞ് വികാര നിർഭരമായ കുറിപ്പാണ് നടി രംഭ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൈകൾ വിറച്ചിട്ട് ഒന്നും എഴുതാനാകുന്നില്ലെന്നും, കണ്ണുനീർ അടക്കാൻ സാധിക്കുന്നില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവേകിന്റെ അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു.
1987ൽ പുറത്തിറങ്ങിയ ‘മാനതിൽ ഉരുതി വേണ്ടും’ ആണ് വിവേകിന്റെ ആദ്യ ചിത്രം.പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1990കളില് ഹിറ്റ് സിനിമകളുടെ ഭാഗമായി. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പവും അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഖുശി,റൺ, സാമി, ശിവാജി, അന്യൻ,ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, വാലി, സിങ്കം, അഴഗി, തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.
Post Your Comments