
മലയാളത്തിലിപ്പോള്‍ സസ്പെൻസ് ത്രില്ലറുകളുടെ ചാകരയാണ്. ഹൊറർ ചിത്രങ്ങളും ട്രെൻഡ് സെറ്ററായി ഇവിടെ മുന്നേറുമ്പോൾ വ്യത്യസ്ത പരീക്ഷണങ്ങളുടെ ഇടമായി മലയാള സിനിമാലോകം മാറുന്നുണ്ട്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ എഡിറ്റ് ചെയ്ത അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ‘നിഴൽ’ എന്ന ചിത്രം തീയേറ്ററിൽ പ്രദർശനം തുടരുമ്പോൾ സസ്പെൻസിൽ പൊതിഞ്ഞ മറ്റൊരു വേറിട്ട പ്രമേയത്തിലൂന്നിയാണ് പ്രസ്തുത ചിത്രത്തിന്റെയും കഥ പറച്ചില്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ നയൻതാര ഹീറോയിനായി അഭിനയിക്കുമ്പോൾ തെന്നിന്ത്യൻ തലത്തിലും ചിത്രത്തിന് റീച്ച് ഏറെയാണ്. തന്റെ ആദ്യ സിനിമാ സംവിധാനസംരംഭത്തിൽ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയൻതാരയെ നായികയാക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് അപ്പു എൻ ഭട്ടതിരി
അപ്പു എന്‍ ഭട്ടതിരിയുടെ വാക്കുകള്‍
“നിഴല്‍ എന്ന ചിത്രം ഒരു ത്രില്ലര്‍ സിനിമയാതുകൊണ്ട് നയൻതാരയെ കാസ്റ്റ് ചെയ്തതല്ല. ഇതിലെ ലേഡീ കഥാപാത്രം അത്രത്തോളം സ്ട്രോങ്ങ് ആയിരുന്നു. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ട ഈ കഥാപാത്രം അത്രത്തോളം പക്വതയുള്ളതുകൊണ്ടാണ് പരിചയസമ്പന്നനായ ഒരു നടി ഈ കഥാപാത്രം അവതരിപ്പിക്കണമെന്ന തോന്നലുണ്ടായത്. ഒരു പുതുമുഖ നടിയ്ക്ക് ചെയ്യാൻ കഴിയുന്ന റോളായിരുന്നില്ല. പക്ഷേ നയൻതാരയെ പോലെ ഒരു താരമൂല്യമുള്ള നായികയെ കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ‘നിഴല്‍’ എഴുതി കഴിഞ്ഞു ചാക്കോച്ചനെയാണ് ആദ്യം സമീപിച്ചത്. ചാക്കോച്ചനാണ് ഇതിലെ ലേഡീ കഥാപാത്രം നയൻതാര ചെയ്താൽ മനോഹരമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞത്. ചാക്കോച്ചൻ പറയുന്നതുവരെയും നയൻതാരയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല”. അപ്പു എന്‍ ഭട്ടതിരി പറയുന്നു.
Post Your Comments