വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തുടങ്ങുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. സത്യൻ അന്തിക്കാട് തന്നെയാണ് പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
2014ൽ വിവാഹ ശേഷം മീര അഭിനയരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. നേരത്തെയും ജയറാമിന്റെ നായികയായി മീര ജാസ്മിൻ എത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
https://www.facebook.com/sathyan.anthikad.official/posts/295879395240899
സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്.”
എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – “ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്.”അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.
ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്.
ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.’ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.
പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. ‘ഞാൻ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.
Post Your Comments