ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2. എന്നാൽ സിനിമ വിജയിച്ചതോടൊപ്പം നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമയിലെ പല രംഗങ്ങളും ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് തരത്തിൽ വരെ ചർച്ചകൾ വന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് എല്ലാം മറുപടി നൽകിയിരിക്കുകയാണ് ജീത്തു ജോസഫ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
”ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥിയും മറ്റും മാറ്റാന്‍ സാധിക്കുമോയെന്നത് സിനിമ റിലീസായപ്പോള്‍ ചര്‍ച്ചയായിരുന്നു. അതുപോലെ ഒരാള്‍ക്ക് അനായാസം ചെയ്യാനാവില്ല എന്നതു ശരിയാണ്. എന്നാല്‍, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ സംഭവിച്ചെന്നു വരും. നൂറു ശതമാനം യുക്തി മാത്രം നോക്കി സിനിമ ചെയ്യാനാവില്ല. നാടകീയത ഉണ്ടെങ്കിലേ രസമാകൂ എന്നും ജീത്തു ജോസഫ് പറഞ്ഞു.
2013ല്‍ ‘ദൃശ്യം’ ഇറങ്ങിയപ്പോള്‍ രണ്ടാം ഭാഗം ഇല്ലെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, 2015 ആയപ്പോള്‍ മറ്റു പലരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം എഴുതാന്‍ തുടങ്ങി. അപ്പോഴാണ് അതെക്കുറിച്ചു ജീത്തുവിനു ചിന്തിച്ചു കൂടേയെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത്. അങ്ങനെ 4 വര്‍ഷം കൊണ്ടു രൂപപ്പെട്ടതാണ് ദൃശ്യം 2ന്റെ കഥ എന്നും ജീത്തു പറയുന്നു.
ദൃശ്യം മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തെലുങ്ക് റീമേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വെങ്കടേഷ്, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments