തന്റെ അറിവോടെയല്ല മകള്‍ അര്‍ത്ഥന സിനിമയിലേക്ക് എത്തിയതെന്ന് നടൻ വിജയകുമാർ. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിക്കിടെയാണ് വിജയകുമാര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
”ഇടക്ക് മകള്‍ മുദ്ദുഗവു എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി, സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്. മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. കുട്ടികളുടെ സ്വപ്നം സിനിമയാണെന്ന്.”
”മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ, അപ്പോള്‍ നിനക്കും ആകാമല്ലോ എന്ന്. പക്ഷെ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു” എന്നാണ് വിജയകുമാര്‍ പറയുന്നത്.
എന്നാൽ പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ തനിക്ക് താല്പര്യമില്ലെന്ന് അര്‍ത്ഥന മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ പിതാവ് വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം മുന്‍പ് പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ല താന്‍ എന്നും ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമായിരുന്നു അര്‍ത്ഥന ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
2016ല്‍ പുറത്തെത്തിയ മുദ്ദുഗവുവില്‍ നായിക ആയാണ് അര്‍ത്ഥന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഗോകുല്‍ സുരേഷിന്റെയും ആദ്യ സിനിമയായിരുന്നു ഇത്. തുടർന്ന് തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിലാണ് അർത്ഥന ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. സംഗീത സംവിധായകന്‍ ജിവി പ്രകാശ് നായകനായ ‘സെമ്മ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത ‘തൊണ്ടന്‍’ എന്ന ചിത്രത്തിലും നായികയായി. കൂടാതെ ‘വെണ്ണിലാക്കബഡി കൂട്ടത്തി’ന്റെ രണ്ടാം ഭാഗത്തിലും അര്‍ത്ഥനയായിരുന്നു നായിക. തമിഴ് ചിത്രത്തിനു പുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീതമ്മ അന്തലു രാമയ്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം.
Post Your Comments