BollywoodCinemaGeneralLatest NewsNEWS

ഗംഗുഭായിയെ മോശമായി ചിത്രീകരിച്ചു ; വളർത്തുമകന്റെ പരാതിയിൽ ആലിയ ഭട്ടിനും ബൻസാലിയ്ക്കും സമൻസ്

ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്

മുംബൈ: ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രത്തിനെതിരെ നൽകിയ പരാതിയിൽ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന്‍ രാവ്ജി ഷാ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മെയ് 21 നുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ് ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തകത്തിലാണ് ഗംഗുഭായുടെ ജീവിതം പറയുന്നത്. പുസ്തകത്തില്‍ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇത് തന്നെ ആവര്‍ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു.

മുംബൈ സിവില്‍ കോടതിയിലാണ് രാവ്ജി ഷാ ആദ്യം ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ സിവില്‍ കോടതി രാവ്ജി ഷായുടെ കേസ് തള്ളി. ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത് 2011 ലാണ്. 2021 ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിവാദം സൃഷ്ടിക്കുന്നത് രാവ്ജി ഷായുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. മാത്രവുമല്ല രാവ്ജി ഷാ ഗംഗുഭായിയുടെ വളര്‍ത്തുമകനാണെന്നതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ റിലീസ് ജൂലൈ 30-നാണ് തീരുമാനിച്ചിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button