കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളോളം തിയേറ്ററുകൾ അടഞ്ഞുകിടന്നതോടെ ഈ മേഖലയിലുള്ളവരെ അതിജീവനം ദുസ്സഹമായിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിയേറ്ററുകളിൽ എത്തിയ സൂപ്പർതാരചിത്രം മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ആയിരുന്നു. മികച്ച പ്രതികരണം നേടി, ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകൾക്ക് ഉണർവ്വും ആഘോഷവും തിരിച്ചുനൽകിയ ഈ ചിത്രം പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഒരു സഹായമായിരുന്നു തിയേറ്റർ ഉടമകൾക്ക് നൽകുന്നത്.
ഇപ്പോൾ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി നന്ദി അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ, ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, എക്സിക്യുട്ടീവ് സെക്രട്ടറി എം.സി ബോബി, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന് എന്നിവർ നേരിട്ട് എത്തിയാണ് തങ്ങളുടെ നന്ദി താരത്തെ അറിയിച്ചത്. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് ചിത്രം ഒ.ടി.ടികൾക്ക് നൽകാതെ തീയറ്റർ റിലീസിന് നൽകിയതെന്ന് നേരത്തെ പ്രൊഡ്യൂസർ ആന്റോ ജോസഫ് പറഞ്ഞിരുന്നു.
കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികളിലും ലാഭം മാത്രം നോക്കി പോകാതെ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ചിത്രത്തിന്റെ റിലീസ് അവകാശം നൽകാതെ, സിനിമ പ്രവർത്തകരുടെ ജീവിതം കൂടെ കണക്കിൽ എടുത്ത് അവർക്ക് കൂടെ ഗുണകരമായ തീരുമാനം എടുത്തതിന് താരത്തെ പ്രശംസിക്കുകയാണ് സിനിമാലോകം. ചിത്രം റിലീസിനോടനുബന്ധിച്ച് തന്നെ ചില തിയേറ്റർ ഉടമകൾ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നന്ദി താരത്തെ അറിയിച്ചിരുന്നു.
Post Your Comments