‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് നടി മീന. വെങ്കടേഷ് നായകനാവുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീനയാണ്. ഇന്നലെയാണ് മീന ദൃശ്യം 2 റീമേക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തത്.
2014ല്‍ ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസിനെത്തിയത്. മലയാളത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രത്തെയാണ് മീന തെലുങ്ക് റീമേക്കിലും അവതരിപ്പിച്ചത്. വെങ്കടേഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് റാംബാബു എന്നായിരുന്നു. റാംബാബുവിന്റെ ഭാര്യ ‘ജ്യോതി’ ആയിരുന്നു മീനയുടെ കഥാപാത്രം.
“ദൃശ്യം 2ന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. നിങ്ങള്‍ ഏവരുടെയും സ്നേഹവും പിന്തുണയും വേണം”, ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രത്തിനൊപ്പം മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദൃശ്യം 2 റീമേക്ക് ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം തുടക്കത്തില്‍ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. ഒന്നാംതീയ്യതി ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.
‘ദൃശ്യം 2’ പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തൊട്ടുപിറ്റേദിവസം പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മലയാളം ഒറിജിനലില്‍ അഭിനയിച്ച എസ്തറും റീമേക്കില്‍ ഉണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര് തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Post Your Comments