‘ഹൃദയഗീതങ്ങളുടെ കവി’ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81ാം പിറന്നാൾ. 1966-ൽ പുറത്തിറങ്ങിയ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ലോകത്ത് ശ്രീകുമാരൻ തമ്പിയുടെ അരങ്ങേറ്റം. കൂടാതെ, മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം ഗാനങ്ങൾ മലയാള ചലച്ചിത്രരംഗത്ത് ശ്രീകുമാരൻ തമ്പിയുടെ സംഭാവനയാണ്.
ഗാനരചനയ്കക്കും സംവിധാനത്തിനും പുറമേ എഴുപത്തിയെട്ട് സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് ശ്രീകുമാരൻ തമ്പി.
എഞ്ചിനീയറിങ് ബിരുദ്ധധാരിയായ അദ്ദേഹം 1966-ൽ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവെച്ചാണ് കലാരംഗത്ത് സജീവമാകുന്നത്. നടനും ഗായകനുമായിരുന്ന വൈക്കം എംപി മണിയുടെ മകൾ രാജേശ്വരിയാണ് ഭാര്യ. കവിത, രാജകുമാരൻ എന്നീ രണ്ടുമക്കളായിരുന്നു. സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
സിനിമയ്ക്ക് പുറമേ, ആറ് ടെലിവിഷൻ പരമ്പരകൾ നിർമിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളും രണ്ട് നോവലുകളും അദ്ദേഹം രചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കു നൽകപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
Post Your Comments