പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് വിദ്യാ ബാലൻ. ഇപ്പോഴിതാ സിനിമയുടെ തുടക്കകാലത്ത് താരം നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ബോഡി ഷെയിമിങ്ങിന് വിധേയയായതിനെക്കുറിച്ചും തുറന്നു പറയുകയാണ് വിദ്യാ ബാലൻ. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും വിദ്യ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം പറഞ്ഞത്.
വിദ്യാ ബാലന്റെ വാക്കുകൾ
”ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദത്തിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി” വിദ്യ പറഞ്ഞു.
സ്വന്തം ശരീരത്തെ സ്നേഹിച്ച് മുമ്പോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല. സിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാൻ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്നമായി കഴിഞ്ഞിരുന്നു. ഞാൻ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാൻ. എന്നാൽ ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. നടി പറഞ്ഞു.
“പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താരം തിളങ്ങുകയും ദേശീയ അവാർഡ് വരെ നേടുകയുമുണ്ടായി.
ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ശകുന്തള ദേവിയുടെ ജീവചരിത്ര സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഷെർനിയാണ് അടുത്ത സിനിമ.
Post Your Comments