പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ എല്ലാവരും കലാരംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ്. ഇപ്പോഴിതാ മൂത്ത മരുമകൾ പൂർണിമ ഇന്ദ്രജിത്തുമായുള്ള മല്ലികയുടെ വീഡിയോ കോളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇരുവരും ഇൻസ്റ്റഗ്രാമിൽ നൽകിയ ലൈവിലാണ് മരുമകളെക്കുറിച്ചുള്ള പരാതി മല്ലിക തമാശ രൂപേനെ പറഞ്ഞത്. മല്ലികയോട് എല്ലാവർക്കും ചോദിക്കാനുള്ള ചോദ്യങ്ങൾ പൂർണിമ പറഞ്ഞുകൊടുക്കുകയും മല്ലിക ഉത്തരം നൽകുകയും ചെയ്യുകയായിരുന്നു. വനിത ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇരുവരും ഇങ്ങനെ ലൈവ് വരൻ തീരുമാനിച്ചത്.
“പൂർണിമ എപ്പോഴെങ്കിലും അമ്മയെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?” എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് രസകരമായ രീതിയിൽ തന്നെ മല്ലിക മറുപടിയും നൽകി. “ഓണത്തിനും ക്രിസ്മസിനും സമ്മർ വെക്കേഷനുമെല്ലാം മക്കളുമായി ലോകം ചുറ്റാൻ പോകും. ഒരു നാല് ദിവസം കുറച്ച് തിരുവനന്തപുരത്ത് അമ്മയോടൊപ്പം വന്നിരിക്കാൻ പറഞ്ഞാൽ അവൾക്ക് സമയമില്ല,”
പൂർണിമയ്ക്ക് വലിയ തിരക്കാണെന്നും അതിനിടയിൽ അമ്മയെ വന്ന് കാണാറില്ലെന്നും മല്ലിക സ്നേഹത്തോടെ പരിഭവം പറഞ്ഞു. എന്നാൽ അമ്മ വെറുതെ പറയുന്നതാണെന്നും ഞാൻ വരുന്നതിനു പകരം കൂടി ഇന്ദ്രൻ വരാറില്ലേ എന്നും പൂർണിമ തിരിച്ചു ചോദിച്ചു. എന്നാൽ എനിക്കെന്റെ മക്കളെ കാണണ്ട, അവരെ കുറേ കാലം കണ്ട് ബോറടിച്ചതാണെന്നും മരുമക്കളെയും പേരക്കുട്ടികളേയും കണ്ടാൽ മതിയെന്നും മല്ലികയുടെ മറുപടി.അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ സാധാരണ മക്കൾ ഇങ്ങോട്ടാണ് വരേണ്ടതെന്നും അമ്മ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും മല്ലിക പറഞ്ഞു. അത് അമ്മ തിരുവനന്തപുരത്ത് പോയി വീടുവച്ചിട്ടല്ലേ എന്ന് പൂർണിമയുടെ മറുചോദ്യം, എന്നാൽ മക്കളുടെയും മരുമക്കളുടെയും സ്നേഹം പരീക്ഷിക്കാനാണ് താൻ തിരുവനന്തപുരത്ത് വീടുവച്ചത് എന്ന് മല്ലികയുടെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി. പൂർണിമയ്ക്ക് ഇതോടെ ഉത്തരവുമില്ലാതെയായി.
https://www.instagram.com/tv/CMKbBNhJSrQ/?utm_source=ig_web_copy_link
ഒടുവിൽ അമ്മയ്ക്ക് പൂർണിമ ഒരു ഉറപ്പ് നൽകി. ഇനി ഇടയ്ക്കിടെ വന്ന് അമ്മയെ കണ്ടോളാം എന്ന്. നടി മഞ്ജു വാര്യരും മല്ലികയോട് ചോദ്യവുമായെത്തി. എങ്ങനെയാണ് മല്ലിക തുടർച്ചയായി ഈ നർമ ബോധം കാത്തുസൂക്ഷിക്കുന്നത് എന്നാണ് മഞ്ജുവിന് അറിയേണ്ടത്. താൻ ചെറുപ്പം മുതൽ ഇങ്ങനെയാണെന്നും മറ്റുള്ളവരുടെ കൂടെ കൂടുമ്പോൾ എന്തിനാണ് സീരിയസ് ആയി രസം കളയുന്നത്, ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടമെന്നും മല്ലികയുടെ മറുപടി. ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നും മല്ലിക കൂട്ടിച്ചേർത്തു.
ഇന്ദ്രജിത്തിന്റെയും പൂർണിയുടെയും പ്രണയകാലത്തെക്കുറിച്ച് മല്ലിക ലൈവിൽ പറഞ്ഞു. ഇത് കേട്ട് പൂർണിമ ചമ്മുന്നതും വീഡിയോയിൽ കാണാം.
Post Your Comments