മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ 1985-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ബോയിംഗ് ബോയിംഗ്’. മലയാളത്തിലെ പതിവ് ശൈലി മാറ്റിയെഴുതിയ സിനിമയുടെ ഭൂതകാല ഓര്‍മ്മകളെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ്. സിനിമ ഇറങ്ങും മുന്‍പേ ഇതിന്റെ ത്രെഡ് കേട്ട പലരും ഇതൊരു അശ്ലീല സിനിമയായി വ്യഖാനിക്കപ്പെടുമെന്ന് പറഞ്ഞിട്ടും പ്രിയദര്ശന് സധൈര്യം അന്നത്തെ പുതിയ കാലഘട്ടത്തിലെ ജനറേഷന് മുന്നിലേക്ക് സിനിമ അവതരിപ്പികയായിരുന്നുവെന്നു മുകേഷ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
“പ്രിയദര്‍ശന്റെ ‘ബോയിംഗ് ബോയിംഗ്’ എന്ന സിനിമ ഇറങ്ങും മുന്‍പേ പലരും പറഞ്ഞു ഇതൊരു കുഴപ്പം പിടിച്ച സിനിമയാകുമെന്ന്. പെണ്ണുങ്ങളെ വഞ്ചിക്കുന്ന ആണുങ്ങളുടെ ഉടായിപ്പിന്റെ കഥയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നുള്ളത് ഉറപ്പാണ് എന്ന് പറഞ്ഞവരുണ്ട്. ഇതൊരു അശ്ലീല സിനിമയാകുമെന്നും കുട്ടികളെ കാണിക്കാന്‍ കഴിയാത്ത സിനിമയായി മാറുമെന്നും പലരും സിനിമ ഇറങ്ങും മുന്‍പേ വ്യാഖാനിച്ചു. അപ്പോഴും പ്രിയദര്ശന് ഈ സബ്ജക്റ്റ് തന്നെ ചെയ്യുമെന്നു പറഞ്ഞു ഉറച്ചു നിന്നു. സിനിമയിലെ വിഷയം എന്തുമായിക്കോട്ടെ താന്‍ ഫോക്കസ് ചെയ്യുന്നത് ഇതിലെ ഹ്യൂമര്‍ ആണ്. അത് പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന വിശ്വാസത്തിലായിരുന്നു പ്രിയദര്ശന്. സദ്ഗുണ സമ്പന്നനായ നായകനെ കണ്ടു വളര്‍ന്ന മലയാള സിനിമയുടെ പതിവ് രീതി പ്രിയദര്ശന് ‘ബോയിംഗ് ബോയിംഗ്’ എന്ന ചിത്രത്തോടെ മാറ്റിയെഴുതുകയായിരുന്നു”. മുകേഷ് പറയുന്നു.
Post Your Comments