ജില്ലാ തിയേറ്റർ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യവുമായാണ് തിരുവനന്തപുരത്ത് സമരം ചെയ്യാൻ സംഘടനകൾ തീരുമാനിച്ചിരുന്നത്. ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ തുറക്കുകയും പുതിയ റിലീസുകൾ ഉണ്ടാവുകയും ചെയ്തെങ്കിലും ഏറ്റവുമധികം കുടുംബ പ്രേക്ഷകർ എത്തുന്ന സെക്കന്റ് ഷോ ഇല്ലാത്തത് വൻ നഷ്‌ടത്തിൽ കലാശിക്കുന്ന അവസ്ഥയായിരുന്നു. ഇതിനെ തുടർന്നാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സെക്കന്റ് ഷോ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
“സമര പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ സിനിമാ പ്രേമികളായ പല സീനിയർ ഉദ്യോഗസ്ഥന്മാരും സമരം ചെയ്യരുതെന്ന് നമ്മളോട് പറയുകയും സിനിമയ്ക്കുവേണ്ടി അവർ സംസാരിക്കുകയും ചെയ്യുകയുണ്ടായി. സിനിമാ തീയേറ്ററിൽ കൂടുതൽ കളക്ഷൻ വരുന്നത് ഫസ്റ്റ് ഷോക്കും സെക്കന്റ് ഷോയ്ക്കുമാണ്. ഇതിൽ തന്നെ ഫസ്റ്റ് ഷോയെക്കാൾ കളക്ഷൻ കൂടുതൽ കിട്ടുന്നത് സെക്കൻഡ് ഷോക്കാണ്. സെക്കന്റ് ഷോ ഇല്ലാതെ തീയേറ്റർ നടത്തിക്കൊണ്ടുപോകാൻ പറ്റില്ല.
എന്നാൽ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ സെക്കൻഡ് ഷോയുടെ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്ന അവസരത്തിൽ സമരം ചെയ്തു പ്രശ്‌നങ്ങൾ സൃഷ്ടിക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നടത്താനിരുന്ന ധർണ്ണ പിൻവലിച്ചത്,” തിരുവനന്തപുരം ജില്ലാ സിനിമാ വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Post Your Comments