കൊൽക്കത്ത: ബ്രിഗേഡ് മൈതാനിയിൽ ഇന്നു നടക്കുന്ന മോദി റാലിയിൽ ബംഗാളി സൂപ്പർ താരം മിഥുൻ ചക്രബർത്തി പങ്കെടുക്കും. പരിപാടിയിൽ വച്ച് മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി നേതാവ് കൈലാശ് വിജയവാർഗിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ, തൃണമൂൽ എംപിയായിരുന്നു മിഥുൻ ചക്രബർത്തി. ഈയിടെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് താരവുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ഹിന്ദി, ബംഗാളി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മിഥുൻ. എഴുപതാം വയസ്സിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. താരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
സിനിമയുടെ ഓരം ചേർന്ന് രാഷ്ട്രീയവും കൂടെക്കൊണ്ടു നടന്ന താരമാണ് മിഥുൻ ചക്രബർത്തി. തീവ്ര ഇടത് പ്രസ്ഥാനങ്ങളോടായിരുന്നു ആദ്യകാലത്ത് ആഭിമുഖ്യം. പിന്നീട് ഇടത് ചേരിയിലെത്തി. തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ പാർട്ടിയിൽ ചേർന്ന് രാജ്യസഭാംഗമായി. ആരോഗ്യകാരണങ്ങളാൽ നിലവിൽ പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ്.
Post Your Comments