ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ഗ്രേസ് ആന്റണി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്റെ സിനിമാ പ്രവേശം. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് കഥാപാത്രം ഷമ്മിയുടെ ഭാര്യ സിമിയായി എത്തിയ ഗ്രേസ് പിന്നീട്, തമാശ, ഹലാൽ ലവ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സിനിമയിൽ തുടർച്ചയായി തന്റെ പ്രായത്തിലും മുതിര്‍ന്ന കഥാപാത്രങ്ങള്‍ തേടിയെത്തുന്നതിനെ കുറിച്ച് ഗ്രേസ് ആന്റണി തുറന്ന് പറയുന്നു.
‘ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാര്‍ത്ഥ പ്രായം ആളുകള്‍ക്ക് പിടികിട്ടിയത്. അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ പ്രായത്തിനൊത്ത, ചെറുപ്പമുള്ള റോളുകളായിരുന്നു’ ഗ്രേസ് പറയുന്നു.
ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതല്‍ തന്നെ തിരക്കഥകള്‍ എഴുതാറുണ്ടെന്നും, അത് തന്റെ ഹോബി ആണെന്നും, എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഓരോ കഥാപാത്രങ്ങളെയും എങ്ങനെ കാണുന്നു എന്നറിയാന്‍ വലിയ താത്പര്യം പണ്ടേയുണ്ടായിരുന്നു എന്നും ഗ്രേസ് പറഞ്ഞു.
ഗ്രേസ് തിരക്കഥയും സംവിധാനവും ചെയ്ത് സ്വന്തമായി നിർമ്മിച്ച ഷോർട് ഫിലിം ആണ് K-nowledge, കൂടാതെ അതില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. എട്ട് മാസത്തിനുള്ളില്‍ 30 ലക്ഷത്തിലേറെ പേരാണ് യു ട്യൂബിൽ ആ കുഞ്ഞു സിനിമ കണ്ടത്. എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് മനസ്സിലുള്ള സ്വപ്നാമെന്നും ഗ്രേസ് പറഞ്ഞു.
Post Your Comments