CinemaGeneralLatest NewsMollywoodNEWS

‘1921 പുഴ മുതൽ പുഴ വരെ’ ; ചിത്രത്തിൽ ജോയ് മാത്യുവും

സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

1921ലെ മലബാര്‍ പശ്ചാത്തലമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ നടൻ ജോയ് മാത്യു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം പങ്കുവെയ്ക്കുകയാണ് സംവിധായകൻ അലി അക്ബർ.

ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബറിന്‍റെ പ്രഖ്യാപനം. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജോയ് മാത്യു സെറ്റില്‍ ജോയിന്‍ ചെയ്തെന്നും വയനാട്ടിലെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജോയ് മാത്യുവും പറയുന്നു.

അടുത്തിടയിൽ ചിത്രത്തില്‍ ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യായി എത്തുന്നത് ആരെന്ന് അലി അക്ബർ വെളിപ്പെടുത്തിയിരുന്നു. പ്രശസ്‍ത താരം തലൈവാസല്‍ വിജയ് ആണ് ചിത്രത്തിലെ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ എത്തുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേതെന്നായിരുന്നു തലൈവാസല്‍ വിജയ്‌യുടെ പ്രതികരണം.

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ ചിത്രം പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു.

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ ഈ വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button