‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘എന്റെ വീട് അപ്പൂന്റേം’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷം താന്‍ എന്ത് കൊണ്ട് കൂടുതല്‍ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചില്ല എന്നതിന് മറുപടി പറയുകയാണ് താരം. പഠിത്തത്തില്‍ പിന്നിലേക്ക് പോയതിനാല്‍ അമ്മയാണ് സിനിമയില്‍ നിന്ന് തന്നെ വിലക്കിയതെന്നും അതുകൊണ്ടാണ് തനിക്ക് ബാലതാരമായി കൂടുതല്‍ കാലം സിനിമയില്‍ നില്‍ക്കാന്‍ കഴിയാതെ പോയതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കാളിദാസ് ജയറാം തുറന്നു പറയുകയാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് തന്റെ രണ്ടാമത്തെ ചിത്രമായ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
കാളിദാസ് ജയറാമിന്റെ വാക്കുകള്‍
“കുട്ടിക്കാലം തൊട്ടെ അഭിനയിക്കുക എന്നത് തന്നെയായിരുന്നു എന്റെ സ്വപ്നം. ഒരു ആക്ടര്‍ ആകുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സിബി അങ്കിളിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചെയ്തു കഴിഞ്ഞു അമ്മ എന്നെ സിനിമയില്‍ നിന്ന് വിലക്കി. കാരണം ഞാന്‍ പഠിത്തത്തില്‍ കുറച്ചു ഉഴപ്പി. ഇനി സിനിമ എന്ന ഏരിയയിലേക്ക് നോക്കിയാല്‍ നിന്നെ കൊന്നു കളയുമെന്നാണ് അമ്മ പറഞ്ഞത്. അതോടെ ഞാന്‍ നല്ല കുട്ടിയായി പഠിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന സിനിമകള്‍ വേണ്ടെന്നു വച്ചു. ഡിഗ്രി കഴിഞ്ഞ ശേഷം സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തു. അങ്ങനെ എന്റെ ആദ്യത്തെ സിനിമാ ഘട്ടം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ഹിറ്റ് ചിത്രത്തോടെ അവസാനിച്ചു”. കാളിദാസ് ജയറാം പറയുന്നു.
Post Your Comments