പാലക്കാട്: ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനത്തിൽ പ്രേക്ഷക മനസ് പിടിച്ചുകുലുക്കിയ ചിത്രങ്ങളായിരുന്നു ‘ബിരിയാണിയും ’ ‘വാസന്തിയും ’. അതിജീവനത്തിന്റെ പെൺമുഖങ്ങളാണ് ഈ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. സജിൻബാബു കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിരിയാണി. ഈ ചിത്രത്തിലൂടെ കനി കുസൃതിക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ മേളയിൽ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കലൈഡോസ്കോപ്പ് വിഭാഗത്തിലാണ് ‘വാസന്തി’യും ‘ബിരിയാണി’യും പ്രദർശിപ്പിച്ചത്. സഹോദരന്റെ പേരിലുള്ള കുറ്റത്തിന് ഭർത്താവും സമൂഹവുമെല്ലാം ഉപേക്ഷിച്ചപ്പോൾ ജീവിക്കാൻ ലൈംഗികത്തൊഴിലാളിയായി മാറേണ്ടിവന്ന ഖദീജയുടെ കഥ പറയുന്നതാണ് ബിരിയാണി. സിനിമ കാണാൻ കനി കുസൃതിയുടെ അച്ഛൻ മൈത്രേയനുമെത്തിയിരുന്നു.
നാടകനടിയായ വാസന്തിയുടെ ജീവിതം ഒരു നാടകത്തിലൂടെ അനാവരണംചെയ്താണ് ‘വാസന്തി’ വെള്ളിത്തിരയിലെത്തിയത്. വാസന്തിയുടെ കുട്ടിക്കാലവും കൗമാരവും ജീവിതത്തിലെ പുരുഷന്മാരുമെല്ലാം അവളുടെ വിവരണങ്ങളിലൂടെ പ്രേക്ഷകർ മനസ്സിലാക്കുന്നു. സഹോദരങ്ങളായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനുമാണ് ചിത്രം സംവിധാനംചെയ്തത്. സ്വാസികയാണ് കേന്ദ്രകഥാപാത്രമായ വാസന്തിയെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം സ്വാസികയ്ക്ക് ലഭിച്ചു. സിനിമ കാണാൻ നടനും ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ സിജു വിൽസണും നടൻ ശബരീഷുമെത്തിയിരുന്നു.
‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് കാവ്യ പ്രകാശ് സംവിധാനംചെയ്ത ‘വാങ്ക്’ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശബ്ന മുഹമ്മദാണ്.
Post Your Comments