CinemaGeneralLatest NewsMollywoodNEWS

പ്രതിസന്ധി തുടരുന്നു ; സിനിമകളുടെ റിലീസുകൾ മാറ്റി

മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ റിലീസും അനിശ്ചിതത്വത്തിലാണ്

കോവിഡ് ബാധിച്ച മലയാള സിനിമയുടെ പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല. വെള്ളത്തിന് ശേഷം പുതിയ സിനിമകൾ ഒന്നും കേരളത്തിൽ റിലീസ് ചെയ്തിട്ടില്ല. ഇന്ന് റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. മരട്, വർത്തമാനം, ടോൾ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ മരടും വർത്തമാനവും കഴിഞ്ഞ ആഴ്ചയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മറ്റ് സിനിമകൾ ഇന്ന് ആയിരുന്നു റിലീസ്.

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കഴിഞ്ഞ ദിവസം നടന്ന ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് റിലീസുകൾ നീട്ടിവയ്‌ക്കാൻ തീരുമാനമുണ്ടായത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ റിലീസും അനിശ്ചിതത്വത്തിലാണ്. മാർച്ച് 4 നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാർച്ച് 31 വരെയാണ് നൽകിയിരുന്നത്. ഇതടക്കമുള്ള ഇളവുകൾ മാർച്ച് 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെടുന്നു.

വിനോദ നികുതി ഇളവ് തുടരുക, സെക്കൻഡ് ഷോ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ റിലീസുകൾ സാധാരണ നിലയിൽ ആക്കാമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button