
‘ദേവാസുരം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഐവി ശശി എന്ന സംവിധായകനില്‍ നിന്ന് തനിക്ക് ലഭിച്ച ഒരു വലിയ ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന് പിള്ള രാജു. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് വേറിട്ട ലൊക്കേഷന്‍ കഥ മണിയന് പിള്ള രാജു പങ്കുവച്ചത്.
“ഒരേ സമയം ഞാന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം. ഗുരുവായൂര്‍ വച്ച് ‘പൈതൃകം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. കോഴിക്കോട് ‘ഏകലവ്യന്’ എന്ന സിനിമ നടക്കുന്നു. ഷൊര്‍ണൂരില്‍ ‘ദേവാസുരം’ എന്ന സിനിമയും. പകലും രാത്രിയും വിശ്രമം ഇല്ലാതെ ഈ മൂന്ന് സിനിമകളിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ശരിക്കും പ്രാന്ത് പിടിച്ചു. ‘ദേവാസുരം’ എന്ന സിനിമ പായ്ക്കപ്പ് പറയുന്നത് രാവിലെ അഞ്ചരയ്ക്കാണ്. ഒരു ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് ചിത്രീകരിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു, “ഇയാള്‍ക്ക് ഉറക്കം ഒന്നുമില്ലേ എത്ര ദിവസമായി ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നു”. എന്റെ പരിഭവം മനസിലാക്കിയ ഐവി ശശി സാര്‍ എന്നോട് പറഞ്ഞു, “നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങളെ പോലെയുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഇങ്ങനെ കൊണ്ടു പോകണമെങ്കില്‍ ഒരു സംവിധായകന് അതിന്റെ പിന്നില്‍ എത്രത്തോളം ത്യാഗം സഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് നിങ്ങളുടെ വിഷയം മാത്രമാണ്. സംവിധായകന് അതല്ല, അതുകൊണ്ട് അങ്ങനെ ഒന്നും ഒരിക്കലും ചിന്തിക്കരുത്”. അദ്ദേഹം പറഞ്ഞത് എനിക്ക് മനസിലായി. പിന്നീട് ഒരിക്കല്‍ പോലും അങ്ങനെയുള്ള അവസരങ്ങളില്‍ അതൊക്കെ ഒരു ബുദ്ധിമുട്ടായി ഞാന്‍ എന്റെ മനസ്സില്‍ കൊണ്ടുനടന്നിട്ടില്ല”.
Post Your Comments