ആസിഫ് അലിയെ നായകനാക്കി മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന സിനിമയ്ക്ക് വേണ്ടി 1984 മോഡൽ മാരുതി 800 കാർ പുതുക്കി പണിത് പുറത്തിറക്കി. പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിന് ശേഷം മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലപ്പുറത്തെ ഓൺറോഡ് ടീമാണ് പഴമയ്ക്ക് കോട്ടം തട്ടാതെ കാർ പുതുക്കി പണിതത്. നിർമ്മാതാവ് മണിയൻ പിള്ള രാജുവും, നടനായ ആസിഫ് അലിയും, സംവിധായകൻ സേതുവും ചേർന്നാണ് ഓൺറോഡ് ഷോപ്പിലെത്തിയാണ് കാർ ഏറ്റുവാങ്ങിയത്.
ചിത്രത്തിനുവേണ്ടി 1984 മോഡലിലുള്ള മാരുതി കാർ കണ്ടെത്തിയെങ്കിലും, വാഹനം പുതുക്കിയെടുക്കുന്ന ജോലികൾശ്രമകരമായിരുന്നു എന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് ഓൺറോഡ് ടീമിനെ വാഹനം ഏൽപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും പാർട്സുകൾ എത്തിച്ചാണ് മാരുതി പുതുക്കി പണിതത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിം ഹൗസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. കോമഡിക്കും, സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന മഹേഷും മരുതിയുടെയും ചിത്രീകരണം മാർച്ചിലാണ് ആരംഭിക്കുന്നത്. ‘കുഞ്ഞെൽദോ’, ‘കുറ്റവുംശിക്ഷയും’ എന്നിവയാണ് ആസിഫലിയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. .
Post Your Comments