
സിനിമാ ചരിത്രത്തിൽ വേറിട്ട ദൃശ്യാനുഭവമായി ഒരുക്കുന്ന ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷൻ 4×4 മഡ് റേസിംഗ് സിനിമയാണ് ‘മഡ്ഡി’. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ വിജയ് സേതുപതിയും കന്നഡ താരം ശ്രീമുരളിയും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രത്തിൽ നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്.
പ്രധാനകഥാപാത്രങ്ങൾക്ക് പിന്നിൽ യഥാർത്ഥ റേസർമാരും അണിനിരക്കുന്നുണ്ട്. യഥാർത്ഥ മഡ് റേസ് അന്തരീക്ഷം ലഭിക്കാൻ പ്രഗഭൽ സിനിമയിൽ വിലയേറിയ പരിഷ്കരിച്ച വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തരംഗമായ രവി ബാസുർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷാണ് എഡിറ്റിംഗ്. ഡോ. പ്രഗഭൽ ആണ് രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കെ.ജി. രതീഷിന്റേതാണ് ക്യാമറ. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.
Post Your Comments