ടെലിവിഷന്‍ അവതാരകയായി തിളങ്ങി പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോൾ സീരിയലിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള അശ്വതി എഴുതാറുളള കവിതകളും മികച്ച അഭിപ്രായം നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ കവിത സമാഹാരം പങ്കുവെച്ചിരിക്കുകയാണ് അശ്വതി.
കഴിഞ്ഞദിവസം പങ്കുവച്ച പുതിയ കവിത ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. വഴി എന്നതാണ് പുതിയ കവിതയ്ക്ക് കൊടുത്തിരിക്കുന്ന പേര്. നഷ്ടപ്രണയത്തെ ഗ്രാമ-നഗര ജീവിതങ്ങളോടുപമിച്ചാണ് വഴി വായനക്കാരുടെ ഹൃദയത്തിലേക്ക് വഴി തുറക്കുന്നത്.
നിരവധി പേരാണ് കവിതയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. അടുത്തിടെ അശ്വതി പങ്കുവച്ച പാവകളി, ശത്രു, വരത്തുപോക് തുടങ്ങിയ കവിതകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
https://www.instagram.com/p/CLLXwmKHdJn/?utm_source=ig_web_copy_link
വഴി – അശ്വതി ശ്രീകാന്ത്
നഗരങ്ങളില്‍ നിന്ന് ഗ്രാമത്തിലേക്കുള്ള
വഴി പോലെയായിരുന്നു നീ
പോകെ പോകെ പച്ച തെളിയുന്നത്
ഇടുങ്ങിയൊതുങ്ങുമ്പോഴും
ആകാശം കൊണ്ട് വിശാലമാകുന്നത്…
കയറ്റിറക്കങ്ങളില്‍ ഹൃദയം തുടിപ്പിക്കുന്നത്
പുകച്ചൂരില്ലാത്ത ശ്വാസം പോലെ
അസുലഭമായത് !
ആ വഴി നടന്നാണ് ഞാന്‍
കഴിഞ്ഞ ജന്മങ്ങളെ കണ്ടെടുത്തത്
അവിടെ മാനം നോക്കിക്കിടന്നപ്പോഴാണ്
പകല് വാറ്റിയ ന്‌ലാവ് നീയെന്റെ ചുണ്ടില്‍ ഇറ്റിച്ചത്
ഒരുമ്മയ്ക്ക് ആയിരം കടമെന്നു
നീയെന്നെ തീരാത്ത കടക്കാരിയാക്കിയത്.
നീയൊരു പൊടിമണ്‍ വഴിയെന്നും
ഞാനതിലെന്നോ തറഞ്ഞു പോയ
വെള്ളാരം കല്ലെന്നും പറഞ്ഞത്
പക്ഷേ
ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള
വഴി പോലെയാണ് ഇപ്പോള്‍ ഞാന്‍ !
ഉടല്‍പ്പച്ചകളെ ഊരിയെറിഞ്ഞ്
വഴികളെ വിശാലമാക്കുകയും
പുകച്ചിത്രങ്ങള്‍ കൊണ്ടെന്റെ ആകാശം
മറയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു
ഒരുമ്മയും കടമല്ലെന്ന്
വീണ്ടും വീണ്ടും മുഖം കഴുകുന്നു
നിയെന്ന വഴി മറക്കാന്‍
നീയില്ലെന്ന് തന്നെ കവിത എഴുതുന്നു…
വഴി മാത്രം മറക്കുന്നു…
നീ ബാക്കിയാവുന്നു !
Post Your Comments