
ഹരിശ്രീ അശോകൻ എന്ന നടൻ കൊമേഡിയനായി മലയാള സിനിമയിൽ ഓടി നടന്നു അഭിനയിച്ച ഒരു സമയമുണ്ടായിരുന്നു. ‘ആകാശം’ എന്ന സിനിമയിലൂടെ സുന്ദർദാസ് ഹരിശ്രീ അശോകനിലെ നടനെ നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചപ്പോഴും ഹരിശ്രീ അശോകൻ എന്ന നടൻ പതറിയില്ല. കോമഡിയിൽ നിന്ന് മാറിയ ഹീറോ ട്രാക്കിനു ഹരിശ്രീ അശോകനിലെ നടൻ മികച്ചതായ രസതന്ത്രം എഴുതിച്ചേർത്തു. താൻ ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു സിനിമയുടെ പിന്നാമ്പുറ കഥ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഹരിശ്രീ അശോകൻ.
“ദിലീപ് നായകനായ ‘കൊക്കരക്കോ’ എന്ന സിനിമയിൽ എനിക്ക് മുഴുനീള വേഷമായിരുന്നു. ആ സമയം എനിക്ക് മറ്റൊരു ചിത്രം കൂടി വന്നു. പിജി വിശ്വംഭരൻ സാറിന്റെ ‘പാർവതി പരിണയം’. ഷിബു ചക്രവർത്തിയായിരുന്നു അതിന്റെ തിരക്കഥ. അതിൽ ഒരു പിച്ചക്കാരന്റെ റോളിലേക്ക് മൂന്നു സീനുകൾക്ക് വേണ്ടിയാണു വിളിച്ചത്. ഇവിടെ ഒരു മുഴുനീള വേഷം ചെയ്യുമ്പോൾ അവിടെ പോയി മൂന്നു സീനിൽ അഭിനയിക്കാൻ എനിക്ക് മനസ്സ് വന്നില്ല. പക്ഷെ ദിലീപ് എന്നെ തടഞ്ഞു, ചെറുതാണെങ്കിലും അതൊരു നല്ല വേഷമാണെന്നു ഷിബു ചക്രവർത്തി വഴി ദിലീപ് അറിഞ്ഞപ്പോൾ എന്നോട് പറഞ്ഞു. ധൈര്യമായി പോയി ആ വേഷം ചെയ്യാൻ, ദിലീപിന്റെ വാക്കിലാണ് ഞാൻ ആ സിനിമയിൽ പോയി അഭിനയിച്ചത്. അത് എന്റെ സിനിമ കരിയറിന് ഗുണം ചെയ്യുകയും ചെയ്തു”.
Post Your Comments