മലയാളത്തിൽ റൊമാൻ്റിക് ആയിട്ടുള്ള നായിക വേഷങ്ങൾ കൂടുതൽ ലഭിക്കാതിരുന്നതിന് കാരണം ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തതു കൊണ്ടായിരിക്കാമെന്ന് നടി ലക്ഷ്മി ഗോപാല സ്വാമി പറയുന്നു. പക്ഷേ ആ സിനിമ ഒരു തെറ്റായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും ലക്ഷ്മി ഗോപാല സ്വാമി തുറന്നു പറയുന്നു
“അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ അമ്മ വേഷം ചിലപ്പോൾ പിന്നീടുള്ള റൊമാൻ്റിക് നായിക വേഷങ്ങൾ ലഭിക്കാതിരുന്നതിനുള്ള കാരണമായിരിന്നിരിക്കണം. പക്ഷേ അതൊരു തെറ്റായ തീരുമാനമല്ലായിരുന്നു. അങ്ങനെ ഒരു റൊമാൻ്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്. അതു ചെയ്തു കഴിഞ്ഞു ലോഹി സാർ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോൾഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാൻ ഹിന്ദിയിൽ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേർണലിസ്റ്റിൻ്റെ വേഷം. പക്ഷേ നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല”. ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ ആദ്യ നായിക കഥാപാത്രത്തെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറന്നത്.
‘അരയന്നങ്ങളുടെ വീട്’, ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ തുടങ്ങിയ സിനിമകൾക്ക് ശേഷം ലക്ഷിമി ഗോപാല സ്വാമിയേ തേടി മികച്ച അവസരങ്ങൾ ഒന്നും വന്നിരുന്നില്ല. വിനയന്റെ ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചെങ്കിലും നായിക എന്ന നിലയിൽ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞില്ല. ‘തനിയെ’, ‘പരദേശി’ പോലെയുള്ള സമാന്തര ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാതിരുന്നതും ലക്ഷ്മി ഗോപാല സ്വാമിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിന് കാരണമായി.
Post Your Comments