നിരവധി വെറ്റൈറ്റി വേഷങ്ങൾ ചെയ്തു സിനിമയിൽ തൻ്റേതായ ഒരു സ്പേസ് നേടിയെടുത്ത് മൂന്ന് പതിറ്റാണ്ടിറേയായി സിനിമയിൽ തുടരുന്ന നടൻ നെടുമുടി വേണു സിനിമകളുടെ രണ്ടാം ഭാഗം എടുക്കുന്നതിലെ തൻ്റെ നിലപാട് വ്യക്തമാക്കുകയാണ്. തൻ്റെ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം എടുക്കാൻ തീരുമാനിച്ചപ്പോൾ താത്പര്യം തോന്നിയില്ലെന്നും നെടുമുടി വേണു പറയുന്നു. സിനിമയിൽ തനിക്ക് ഏറെ പ്രചോദനമായി തീർന്ന കലാകാരനെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയിൽ നെടുമുടി വേണു തുറന്നു സംസാരിക്കുന്നു.
“ഞാൻ പ്രധാന കഥാപാത്രം ചെയ്ത ഒരു സിനിമയുടെയും രണ്ടാം ഭാഗം ചെയ്യാൻ എനിക്ക് താത്പര്യമില്ല. ‘തകര’ എന്ന സിനിമ വലിയ വിജയമായപ്പോൾ അന്ന് ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ ഭരതനൊക്കെ ആലോചിച്ചിരുന്നു. ചെല്ലപ്പനാശാരി ഗൾഫിൽ പോയി കുറേ പണം സമ്പാദിച്ച് തിരിച്ചു വരുന്ന രീതിയിലായിരുന്നു പ്രമേയം. പക്ഷേ എനിക്ക് സിനിമകളുടെ രണ്ടാം ഭാഗത്തിനോട് താത്പര്യമില്ല. ആ സിനിമ പൂർണ്ണമാകുന്നതോടെ ആ കഥാപാത്രവും പൂർണ്ണത നേടി എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് വല്ലാതെ പ്രചോദനം നൽകിയിട്ടുള്ള ഒരാളാണ് ഗോപി ചേട്ടൻ. ഞങ്ങൾ തമ്മിൽ നാടകം ചെയ്തു തുടങ്ങിയ ബന്ധമാണ്. ഒരു നടൻ എന്ന നിലയിൽ ഗോപി ചേട്ടൻ ചെയ്ത വ്യത്യസ്ത കഥാപാത്രങ്ങൾ എന്നിലെ നടനിലേക്ക് കൂടുതൽ ഊർജ്ജം പകരാൻ സഹായമായിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ചെയ്ത ഒരോ വേഷങ്ങളും ഞാൻ അത്ര ആസ്വദിച്ചാണ് ചെയ്തത്”.
Post Your Comments