റിഹേഴ്സൽ ഒന്നും എടുക്കാതെ ‘സ്റ്റാർട്ട് ആക്ഷൻ ക്യാമറ’ എന്ന് പറയുമ്പോൾ കഥാപാത്രമായി മാറുന്ന മാജിക് മോഹൻലാൽ എന്ന നടനെക്കുറിച്ച് പങ്കുവയ്ക്കുമ്പോൾ പലരും പരാമർശിക്കാറുണ്ട്. മോഹൻലാലിൻ്റെ അഭിനയിക്കാനുള്ള അനായസതയെ താൻ അല്പം പരിഭവത്തോടെയാണ് കാണുന്നതെന്ന് നടൻ സിദ്ധിഖ്. ‘ദൃശ്യം’ എന്ന സിനിമയുടെ ക്ലൈമാക്സിൽ അഭിനയിച്ചപ്പോൾ ആ ബുദ്ധിമുട്ട് താൻ നേരിട്ടിരുന്നുവെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ സിദ്ധിഖ് വെളിപ്പെടുത്തുന്നു
“മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ചില സമയങ്ങളിൽ നമ്മളെ കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. അഭിനയം ഇത്രയും എളുപ്പമുള്ള ജോലിയാണോ എന്ന് തോന്നിപോകുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ്. മോഹൻലാലിനൊപ്പം കോമ്പിനേഷൻ സീൻ വരുമ്പോൾ എനിക്ക് ടെൻഷനാണ്. കാരണം ഷോട്ട് എടുക്കുന്നതിന് മുൻപ് എൻ്റെ മനസ്സിൽ ആ കഥാപാത്രവും, ഡയലോഗ് പറയുന്ന രീതിയെക്കുറിച്ചും മാത്രമാകും മനസ്സിൽ. പക്ഷേ മോഹൻലാൽ അതൊക്കെ മറന്നിട്ട് നമ്മളോട് സിനിമയല്ലാത്ത മറ്റ് കാര്യങ്ങൾ വന്നു സംസാരിക്കും. അതോടെ നമ്മൾ ചെയ്യാനിരിക്കുന്ന കഥാപാത്രത്തിൻ്റെ ബാലൻസ് തെറ്റും. ദൃശ്യം എന്ന സിനിമയുടെ ക്ലൈമാക്സ് സീനിൽ ഞാനത് അനുഭവിച്ചതാണ്. ആ സീനിൽ മോഹൻലാലിനേക്കാൾ സംഭാഷണം കൂടുതൽ എനിക്കാണ് അതുകൊണ്ട് തന്നെ കുറേയധിയം തയ്യാറെടുപ്പുകളോടെയാണ് ഞാൻ ആ സീൻ ചെയ്യാൻ തയ്യാറായി നിന്നത്. വിശാലമായ പാടം പോലെയുള്ള ഒരു സ്ഥലത്ത് വച്ചായിരുന്നു ആ രംഗം ചിത്രീകരിച്ചത് .അവിടെ ഒരു പാട് കൊക്കുകൾ വന്നിരിക്കുന്നത് കണ്ട് മോഹൻലാൽ എന്നോട് ആ കൊക്കുകളെക്കുറിച്ച് ഒരോന്ന് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ ‘സ്റ്റാർട്ട് ആക്ഷൻ ക്യാമറ’ വന്നപ്പോൾ അഭിനയം ഇത്ര ഈസിയാണോ എന്ന് തോന്നിപ്പിച്ചു കൊണ്ട് മോഹൻലാൽ ജോർജ്കുട്ടിയായി മാറി”. സിദ്ധിഖ് പറയുന്നു
Post Your Comments