ആസിഫ് അലി, ആഷിക്ക് അബു, ശ്രീനാഥ് ഭാസി തുടങ്ങിയ സെലിബ്രിറ്റികളുടെ ഹെയർ സ്റ്റൈലിസ്റ്റ് ആയിട്ടുണ്ടെങ്കിലും സാക്ഷാൽ മോഹൻലാലിൻറ്റെ സ്റ്റൈലിസ്റ്റ് ആകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കൊച്ചി ടോണി ആൻഡ് ഗൈയിലെ ഹെയർ സ്റ്റൈലിസ്റ്റ് ഉണ്ണി. താടി സ്റ്റൈൽ ചെയ്യുന്നതിൻറ്റെ ഭാഗമായാണ് മോഹൻലാൽ ടോണി ആൻഡ് ഗൈയിൽ വരുന്നത്. അപൂർവമായാണ് സൂപ്പർതാരം പുറത്തൊരു കടയിൽ ഇങ്ങനൊരു ആവശ്യത്തിനായി പോകുന്നത്.
“സിനിമയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഇത്രയും ഇഷ്ടമുള്ള താരം തൊട്ടടുത്തു വന്നു നിന്നപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ലാൽ സാർ തന്നെ ആ പേടി മാറ്റി. ചെറിയൊരു ഡ്രസ്സിങ് മാത്രമാണ് ഉണ്ടായിരുന്നത്. വെട്ടിയതും ഒതുക്കിയതുമൊക്കെ ഏറെ കരുതലോടെയായിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം തിരിച്ചുപോയത്”.- പ്രിയ താരത്തെ നേരിൽ കണ്ടതിൻറ്റെ ഞെട്ടൽ മാറാതെ ഉണ്ണി പറയുന്നു.
ആറാട്ടിൻറ്റെ ഊട്ടി ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിലെത്തുന്നത്. ഊട്ടിയിൽ വച്ചു നടന്ന ഒരു ഗാനത്തിൻറ്റെ ചിത്രീകരണത്തിനു ശേഷം ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് താരം കൊച്ചിയിലെത്തിയത്. ഒരാഴ്ച കൊണ്ട് ചിത്രം പൂർത്തിയാക്കി മോഹൻലാൽ അടുത്ത ലൊക്കേഷനിലേക്ക് കടക്കും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ‘ആറാട്ടി’ൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
Post Your Comments