
സിനിമകളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാം വഴി പ്രചരിക്കുന്നത് മലയാള സിനിമയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന് ഒമർ ലുലു. ഷൂട്ടിങ് പോലും ആരംഭിക്കാത്ത തന്റെ പുതിയ ചിത്രം ‘പവര്‍ സ്റ്റാറി’ന്റെ ലിങ്ക് പോലും ടെലിഗ്രാമില്‍ വരുന്നുണ്ടെന്ന് ഒമർ ലുലു പറയുന്നു. പൈറസി എന്നത് മലയാള സിനിമയുടെ ഒടിടി ബിസിനസിന് അടക്കം ഭീഷണി സൃഷ്ടിക്കുകയാണെന്നും ഒമര്‍ വ്യക്തമാക്കുന്നു.
“ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ! സംഭവം ഫേക് ആണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി. ഒടിടിക്കുവേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും ഒടിടി പ്ലാറ്റ്ഫോമുകള് വാങ്ങുന്നില്ല. കാരണം മലയാളികൾ ഒടിടിയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൈറേറ്റഡ് കോപ്പി കാണുന്നത് മൂലം അവര്‍ക്ക് നഷ്ടമുണ്ടാവുന്നു.അതുകൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ ഒടിടി കമ്പനികൾ.ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തിയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത്. അവരെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കേസിന്റെ അവസാന ഘട്ടത്തിലാണ്.
അത് ചെയ്ത യുവാക്കൾ കേസ് അവസാനിപ്പിക്കണം, അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തുചാട്ടത്തിൽ സംഭവിച്ച തെറ്റാണ് എന്നെല്ലാം പറഞ്ഞു. പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം. സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ. ടെലിഗ്രാമിൽ അപ്ലോഡ് ചെയ്തിട്ട് നിങ്ങൾക്ക് ഒന്നും കിട്ടുന്നില്ലെനറിയാം. പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത്?”, ഒമര്‍ ലുലു ചോദിക്കുന്നു.
Post Your Comments