ഹാസ്യ നടനെന്ന നിലയിലാണ് പ്രേം കുമാർ എന്ന നടൻ മലയാള സിനിമയിൽ അടയാളപ്പെടുന്നത്. എന്നാൽ തന്റെ ‘അരങ്ങ്’ എന്ന സിനിമയ്ക്ക് മുൻപേ താൻ ആദ്യമായി അഭിനയിച്ച ‘സഖാവ്’ എന്ന ചിത്രം പ്രദർശനത്തിനെത്തിയിരുന്നേൽ തനിക്ക് കുറേക്കൂടി സീരിയസ് കഥാപാത്രങ്ങൾ ലഭിക്കുമായിരുന്നുവെന്നു തുറന്നു പറയുകയാണ് നടൻ പ്രേം കുമാർ. മലയാള സിനിമ തന്നെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന പരിഭവമൊന്നും ഒരിക്കലും തനിക്ക് ഇല്ലെന്നും സിനിമയിൽ ഇത്രയും ദൂരങ്ങൾ എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവാനാണെന്നും ഒരു ടിവി ചാനലിന് നൽകിയ അഭിമുഖ പരിപാടിയിൽ സംസാരിക്കവെ പ്രേം കുമാർ പറയുന്നു.
“പതിനഞ്ചോളം സിനിമകളിൽ ഞാൻ നായകനായി അഭിനയിച്ചു. അതൊക്കെ സാധാരണ നായക കഥാപാത്രങ്ങളയിരുന്നു. ഞാൻ അഭിനയിച്ച ‘അരങ്ങ്’ എന്ന സിനിമയാണ് ആദ്യം റിലീസ് ചെയ്തത്. അതിൽ ഒരു കോമഡി കഥാപാത്രം ആയതുകൊണ്ട് പിന്നീട് എന്നെ അത്തരം വേഷങ്ങളിലാണ് കൂടുതൽ കാസ്റ്റ് ചെയ്തത്. പക്ഷെ ഞാൻ ആദ്യമായി അഭിനയിച്ച ‘സഖാവ്’ എന്ന സിനിമ പുറത്തിറങ്ങിയിരുന്നേൽ എനിക്ക് കുറേക്കൂടി സീരിയസ് വേഷങ്ങൾ ലഭിച്ചേനെ. സിനിമയിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ നടനാണ് ഞാനെന്നു എവിടെയും പറയില്ല. കാരണം കഴക്കൂട്ടം എന്ന നാട്ടിൻ പ്രദേശത്ത് ജനിച്ചു വളർന്ന എനിക്ക് സിനിമ എന്നത് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്ന ലോകമായിരുന്നു. അങ്ങനെ ചിന്തിച്ചു നിന്നിടത്ത് നിന്നു ഇത്രയും സിനിമകൾ ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. പിന്നെ അവസരത്തിന് വേണ്ടി ഞാൻ ആരോടും ചാൻസ് ചോദിക്കാൻ പോയിട്ടില്ല. അതിനുള്ള ശ്രമങ്ങൾ എന്നിൽ നിന്നുണ്ടായിട്ടില്ല. ചാൻസ് ലഭിക്കാൻ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നത് പ്രധാനമാണ്. ഞാൻ അങ്ങനെയുള്ള കാര്യത്തിൽ പിന്നിലായിരുന്നു. സിനിമ മേഖലയിൽ എല്ലാവരോടും നല്ല സൗഹൃദമാണെങ്കിലും നിരന്തരമുള്ള ഫോൺ വിളി ഒന്നും ഞാൻ ആരുമായും ഇല്ല”. പ്രേം കുമാർ പറയുന്നു.
Post Your Comments