കമലിന്റെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചിത്രമാണ് ‘ഉണ്ണികളേ ഒരു കഥ പറയാം’. ഈ സിനിമയുമായി ബന്ധപ്പെട്ടു ഒരിക്കലും തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കമൽ. മോഹൻലാലിനൊപ്പം നിരവധി ബാലതാരങ്ങൾ അഭിനയിച്ച ചിത്രത്തിൽ കാർത്തികയായിരുന്നു നായികയായി അഭിനയിച്ചത്. ജോൺപോളിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ‘ഉണ്ണികളേ ഒരു കഥ പറയാം’ ബോക്സ് ഓഫിസിലും വിജയം നേടിയ ചിത്രമായിരുന്നു.
“മോഹൻലാലുമായി ചെയ്ത ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയുടെ ലൊക്കേഷൻ ഒരിക്കലും മറക്കാൻ കഴിയില്ല. ആ സിനിമയിൽ കുറെയധികം കുട്ടികൾ അഭിനയിച്ചിരുന്നു, വളരെ ചെറിയ കുട്ടികൾ ആയതു കൊണ്ട് തന്നെ അവരെ മാനേജ് ചെയ്യുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. രാവിലെ എഴുന്നേൽപ്പിച്ച് പല്ലു തേപ്പിച്ചു കുളിച്ചു റെഡിയാക്കി ലൊക്കേഷനിൽ കൊണ്ട് വരികയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. സിനിമയിൽ മോഹൻലാൽ ആ കുട്ടികൾക്ക് ആരാണോ അത് പോലെ ആയിരുന്നു സിനിമയുടെ ലൊക്കേഷനിലും. കുട്ടികളെ പരിചരിച്ചു റെഡിയാക്കുന്നതിൽ മോഹൻലാൽ കൂടെ നിന്നു, അന്ന് മോഹൻലാൽ ‘സൂപ്പർ സ്റ്റാർ’ എന്ന രീതിയിൽ അറിയപ്പെട്ടു കഴിഞ്ഞു. പക്ഷെ എന്നിട്ടും അവർക്കൊപ്പം അവരുടെ മൂത്ത ചേട്ടനെയും അങ്കിളായുമൊക്കെ മോഹൻലാൽ കൂടെ നിന്നു. അവരെ ഉറക്കം എഴുന്നേൽപ്പിക്കുന്നത് മുതൽ എല്ലാ കാര്യങ്ങളിലും മോഹൻലാൽ കൂടെയുണ്ടായിരുന്നു”. കമൽ പറയുന്നു.
Post Your Comments