CinemaGeneralKollywoodLatest NewsMovie GossipsNEWS

അഭിനയം വിട്ട ശേഷം പെട്രോൾ പമ്പിലെ ജോലി മുതൽ മെക്കാനിക്ക് പണി വരെ ചെയ്തിട്ടുണ്ട് ; തുറന്ന് പറഞ്ഞ് അബ്ബാസ്

ആത്മഹത്യാ പ്രവണതയുള്ളയാളായിരുന്നു തൻ സുഹൃത്തുക്കളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും അബ്ബാസ്

ഒരുകാലത്ത് തമിഴിൽ തിളങ്ങി നിന്ന നടനാണ് അബ്ബാസ്. മലയാളത്തിലും തെലുങ്കിലുമായി എല്ലാം നിരവധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരങ്ങളും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് വീണ്ടും രംഗത്തേക്കെത്തിയിരിക്കുകയാണ് അബ്ബാസ്.

അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം ന്യൂസിലൻഡിൽ പെട്രോൾ പമ്പു മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാൻ കഴിയില്ലെന്നും അബ്ബാസ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അബ്ബാസിന്റെ തുറന്നു പറച്ചിൽ.

ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും താരം വെളിപ്പെടുത്തി.

അബ്ബാസിന്റെ വാക്കുകൾ

“ഇന്ത്യയിൽ ഒരു ആർടിസ്റ്റ് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചാലും അവർ ചെയ്യുന്ന മാറ്റു കാര്യങ്ങൾ സാകൂതം നിരീക്ഷിക്കപ്പെടും. ന്യൂസിലൻഡിൽ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാൻ പെട്രോൾ പമ്പിൽ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകൾ വളരെ ഇഷ്ടമാണ്. പിന്നെ, കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി എടുത്തിട്ടുണ്ട്. ‘അഹം’ എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ സഹായിച്ചു. ഇതിന് ഇടയിൽ ഞാൻ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്സിനെ അത്തരം ചിന്തകളിൽ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവൽക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു. ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാൻ.”

“കർശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കൾ. ​ഞാനാണെങ്കിൽ പഠനത്തിൽ മോശവും. എനിക്ക് പരീക്ഷ എഴുതാൻ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാൽ ഞാൻ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാൻ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളിൽ തോൽക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാൻ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കൾ കണ്ടെത്തി വീട്ടിൽ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലിൽ നിന്നു രക്ഷപ്പെടാൻ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും,” അബ്ബാസ് പറഞ്ഞു.

തന്റെ ജീവിതാനുഭവങ്ങൾ കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് തീർച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങിൽ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാൾ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു. “ഈയൊരു കാര്യം കൂടി മനസിൽ വച്ചാണ് ഞാൻ ന്യൂസിലൻഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അൽപം കൂടി സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ നമ്മൾ ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തിൽ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാൻ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോൾ ആയിരിക്കുന്നിടത്ത് ഞാൻ ഹാപ്പിയാണ്, അബ്ബാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button