തനിക്ക് സംവിധായകനെന്ന നിലയിൽ സിനിമാ വ്യവസായത്തിൽ വലിയ ഇടം നൽകിയ സിനിമയെക്കുറിച്ച് സിദ്ധിഖ്. മലയാളത്തിൽ ബോഡി ഗാർഡ് ചെയ്തപ്പോൾ താൻ നേരിട്ട പ്രതിസന്ധി വളരെ വലുതാണെന്നും ആ സിനിമയെ ആവശ്യമില്ലാത്ത രീതിയിൽ വിമർശിച്ച് അതിനെ പിന്നിലേക്ക് നിർത്താൻ നോക്കിയവരുടെ ഇടയിൽ നിന്നാണ് താൻ ആ സിനിമയുടെ മൂലകഥയും കൊണ്ട് തമിഴിലും ബോളിവുഡിലും പോയി ഹിറ്റ് ഉണ്ടാക്കിയതെന്ന് സിദ്ധിഖ് പറയുന്നു. മലയാളത്തിൽ അംഗീകരിക്കാതിരുന്ന സിനിമയുടെ ത്രെഡ് ബോളിവുഡ് സിനിമ വ്യവസായത്തിൽ ഉണ്ടാക്കിയ മാറ്റം തന്നെയാണ് വിമർശകർക്ക് തനിക്ക് കൊടുക്കാൻ കഴിഞ്ഞ മറുപടിയെന്നും സിദ്ധിഖ് പറയുന്നു. അത് പോലെ സൽമാൻ ഖാന്റെ മറ്റൊരു ചിത്രത്തിന് കിട്ടിയ ജനപ്രീതിയാണ് തന്റെ സിനിമയ്ക്ക് ലഭിച്ച ആദ്യ ദിവസത്തിന്റെ കളക്ഷൻ എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സിദ്ധിഖ് വ്യ ക്തമാക്കുന്നു.
“മലയാളത്തിൽ ചെയ്യുമ്പോൾ ഞാൻ ഒരുപാട് പ്രതിസന്ധി മറികടന്നു ചെയ്ത സിനിമയായിരുന്നു ‘ബോഡി ഗാർഡ്’. അതിന്റെ ചിത്രീകരണ ഘട്ടം മുതൽ റിലീസ് സമയം വരെയും അത് ഒഴിഞ്ഞു പോയിട്ടില്ല. സിനിമ ഇറങ്ങി കഴിഞ്ഞും അതിനു നേരെ ആവശ്യമില്ലാത്ത രീതിയിൽ വിമർശനം ഉയർന്നിരുന്നു. എന്റെ സ്ഥിരം ട്രാക്ക് ആയ കോമഡിയിൽ നിന്ന് മാറിയാണ് ഞാൻ ആദ്യമായി ഇങ്ങനെയൊരു സിനിമയുമായി വന്നത്. അത് ഏറ്റെടുക്കാൻ ചിലർക്ക് പാടായിരുന്നു. പിന്നെ ഏറ്റവും വലിയ അഭിമാനം എന്തെന്നാൽ ഇവിടെ അംഗീകരിക്കാൻ മടി തോന്നിയ ഒരു സിനിമയുടെ ത്രെഡ് ആണ് ബോളിവുഡ് സിനിമാ വ്യവ്യസായത്തെ പോലും വലിയ രീതിയിൽ താങ്ങി നിർത്തുന്നതിനു കാരണമായത്. നാല് ദിവസം കൊണ്ട് നൂറു കോടി നേടിയ ചിത്രം ആദ്യ ദിവസം നേടിയത് 23 കോടിയാണ്. ഞാൻ സൽമാനെ വച്ച് ‘ബോഡിഗാർഡ്’ ചെയ്യുന്നതിന് മുൻപേ ‘ദബാംഗ്’ എന്നൊരു ചിത്രം ഇറങ്ങിയിരുന്നു. അത് വൻഹിറ്റായിരുന്നു. അത് കൊണ്ട് തന്നെ സൽമാൻ ഖാന്റെ അടുത്ത ചിത്രം എന്ന നിലയിൽ എന്റെ സിനിമ വന്നപ്പോൾ ‘ദബാംഗ്’ എന്ന സിനിമയുടെ വിജയം നിർണായകമായി. അത് കാരണമാണ് ആദ്യ ദിവസം തന്നെ ഇത്രയും കോടി രൂപ ‘ബോഡിഗാർഡ്’ കളക്ട് ചെയ്തത്”. സിദ്ധിഖ് പറയുന്നു.
Post Your Comments